പരിശീലനത്തിനിടെ 270 കിലോ ഭാരം ഉയര്‍ത്താന്‍ ശ്രമിച്ച ഗോള്‍ഡ് മെഡലിസ്റ്റ് യഷ്തിക ആചാര്യയ്ക്ക് ദാരുണാന്ത്യം. ബുധനാഴ്ച രാജസ്ഥാനിലെ വിക്കാനിര്‍ ജില്ലയിലായിരുന്നു സംഭവം. ജൂനിയര്‍ നാഷണല്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ വ്യക്തി കൂടിയായിരുന്നു യഷ്തിക ആചാര്യ. 17 വയസായിരുന്നു. 270 കിലോ ഭാരം ട്രെയിനറുടെ സഹായത്തോടെ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ കൈയില്‍നിന്ന് വഴുതിയ റോഡ് കഴുത്തില്‍ അമരുകയായിരുന്നു.
ഭാരം മൂലം കഴുത്ത് ഒടിയുകയായിരുന്നു. ഇതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അമിതഭാരം കഴുത്തിലേക്ക് വന്നതാണ് കഴുത്തിന് ഗുരുതര പരിക്കേറ്റ് മരണകാരണമായതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ യഷ്തികയുടെ പരിശീലകനും പരിക്കേറ്റിട്ടുണ്ട്.
അപകടം നടന്ന ഉടന്‍ യഷ്തികയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ തന്നെ മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ യഷ്തികയുടെ കുടുംബം ഇതുവരെ പരാതി നല്‍കിയിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.