Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rahul Gandhi: 'നിങ്ങളുടെ ജോലി ചെയ്യൂ, സത്യപ്രതിജ്ഞ ചെയ്തതല്ലേ'; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരെ രാഹുല്‍

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ വോട്ടുകൊള്ള നടത്തുന്നവരെ സഹായിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു

Rahul Gandhi against Election Commission, Rahul Gandhi Press Meet, Rahul gandhi Vote Chori, വോട്ട് കൊള്ള, രാഹുല്‍ ഗാന്ധി

രേണുക വേണു

New Delhi , വ്യാഴം, 18 സെപ്‌റ്റംബര്‍ 2025 (12:26 IST)
Rahul Gandhi

Rahul Gandhi: വോട്ട് കൊള്ള ആരോപണത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഉന്നയിച്ചത്. സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ നിങ്ങള്‍ ഉത്തരവാദിത്തത്തോടെ ജോലി ചെയ്യൂ. വോട്ട് കൊള്ളയിലെ വിവരങ്ങള്‍ കര്‍ണാടക സിഐഡിക്കു കൈമാറണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. എഐസിസി ആസ്ഥാനത്തായിരുന്നു രാഹുലിന്റെ വാര്‍ത്താസമ്മേളനം. 
 
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ വോട്ടുകൊള്ള നടത്തുന്നവരെ സഹായിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. വ്യാജ ലോഗിന്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നും രാഹുല്‍ പറഞ്ഞു. 
 
കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍ കോണ്‍ഗ്രസിനു വോട്ട് ചെയ്യുന്ന 6,018 വോട്ടര്‍മാരെ ആസൂത്രിതമായി നീക്കിയെന്നു രാഹുല്‍ ആരോപിച്ചു. ' വോട്ട് കൊള്ളയ്ക്കു 101 ശതമാനം തെളിവുണ്ട്. കൃത്യമായ തെളിവുകളോടെയാണ് ഞാന്‍ ഇതെല്ലാം പറയുന്നത്. ഇന്ത്യയുടെ ഭരണഘടന നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ കൂട്ടുനില്‍ക്കുകയാണ്,' രാഹുല്‍ ആരോപിച്ചു. 
 
' കര്‍ണാടകയിലെ മണ്ഡലമാണ് അലന്ദ്. ഈ മണ്ഡലത്തിലെ 6018 വോട്ടുകള്‍ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിച്ചിരിക്കുന്നു. 2023 ലെ തിരഞ്ഞെടുപ്പില്‍ അലന്ദ് മണ്ഡലത്തിലെ എത്ര വോട്ടുകള്‍ ഇതുപോലെ ഇല്ലാതാക്കിയിട്ടുണ്ടെന്ന് നമുക്ക് അറിയില്ല. ഉറപ്പായും 6018 ല്‍ കൂടുതല്‍ ആയിരിക്കും അത്. എങ്കിലും ചില വോട്ടുകള്‍ ഇല്ലാതാക്കിയവരെ അവിചാരിതമായി നമുക്ക് മനസിലായിട്ടുണ്ട്. തന്റെ അമ്മാവന് വോട്ട് ഇല്ലാത്തതായി ഒരു ബൂത്ത് ലെവല്‍ ഓഫീസറുടെ ശ്രദ്ധയില്‍പ്പെട്ടു. പരിശോധനയില്‍ അമ്മാവന്റെ വോട്ട് ഇല്ലാതാക്കിയിട്ടുണ്ടെന്നും സമീപവാസിയാണ് ഇത് ചെയ്തതെന്നും മനസിലായി. അയല്‍വാസിയോടു ഇത് ചോദിച്ചപ്പോള്‍ അദ്ദേഹമല്ല വോട്ട് ഇല്ലാതാക്കിയതെന്ന് വ്യക്തമായി. അതിനര്‍ത്ഥം ചില ബാഹ്യശക്തികള്‍ ഇടപെട്ട് ഇത്തരത്തില്‍ വോട്ടുകള്‍ ഇല്ലാതാക്കിയിട്ടുണ്ട് എന്നാണ്,' രാഹുല്‍ പറഞ്ഞു. 
 
മഹാരാഷ്ട്രയിലെ രജൂര മണ്ഡലത്തില്‍ 6,850 വോട്ടുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നാണ് രാഹുല്‍ പറയുന്നത്. കൂട്ടിച്ചേര്‍ക്കപ്പെട്ട വോട്ടര്‍മാരുടെ വിവരം പരിശോധിക്കുമ്പോള്‍ പല പേരുകള്‍ക്കൊപ്പവും നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറുകള്‍ കൃത്യമല്ല. വ്യാജ ലോഗിന്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതും കൂട്ടിച്ചേര്‍ക്കുന്നതും യഥാര്‍ഥ വോട്ടര്‍മാര്‍ അറിയാതെ ആണെന്നും രാഹുല്‍ ആരോപിച്ചു. 
 
വോട്ടര്‍ പട്ടികയില്‍ നിന്ന് ആളുകളെ നീക്കുന്നതു വ്യക്തികള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കു ചെയ്യുന്നതല്ലെന്നും ഇതിനായി പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. സോഫ്റ്റ് വെയറിന്റെ സഹായത്തോടെ കേന്ദ്രീകൃതമായി നടപ്പാക്കുന്ന പ്രവൃത്തിയാണിത്. കര്‍ണാടകയ്ക്കു പുറത്തുള്ള കോള്‍ സെന്ററുകള്‍ വഴിയാണു ക്രമക്കേടുകള്‍ നടന്നത്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും മാത്രമല്ല, ഹരിയാനയിലും യുപിയിലും വോട്ടു കൊള്ള നടന്നുവെന്നും രാഹുല്‍ ആരോപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് നല്‍കിയത് അന്‍വറിന്റെ മുന്‍ സീറ്റ്