രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽനിന്നും ജനവിധി തേടും. ഏറെ നാളത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ടാണ് ഡൽഹിയിൽ എ കെ ആന്റണി പ്രഖ്യാപനം നടത്തിയത്. കോൺഗ്രസിലെ മുതിർന്ന ദേശീയ നേതാക്കൾ കൂടിയാലോചന നടത്തിയ ശേഷമായിരുന്നു അന്തിമ തീരുമാനം പ്രഖ്യാപിച്ചത്.
തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആവശ്യം രാഹുൽ ഗാന്ധി നിരാകരിക്കാൻ സാധിക്കില്ല. അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന മണ്ഡലമായതിനാൽ തെക്കേ ഇന്ത്യയിൽ രാഹുൽ ഗാന്ധിക്ക് മത്സരിക്കാൻ ഏറ്റവും അനുയോജ്യമായ മണ്ഡലമാണ് വയനാട് എന്ന് എ കെ ആന്റണി വ്യക്തമാക്കി. അമേഠിക്ക് പുറമെയാണ് രാഹുൽ വയനാട്ടിൽ നിന്നും ജനവിധി തേടുക.
രാഹുൽ ഗന്ധി തന്റെ നിലപാട് നേരത്തെ തന്നെ മുതിർന്ന ദേശീയ നേതാക്കളെ അറിയിച്ചിരുന്നു, തുടർന്ന് എ കെ ആന്റണി കെ സി വേണുഗോപാൽ, ഉൾപ്പടെയുള്ള നേതാക്കൾ വിഷയത്തിൽ ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. വയനാട്ടിൽ രാഹുൽ മത്സരിക്കുന്നത് ഇടതുപക്ഷത്തിനെതിരെയുള്ള പോരാട്ടമല്ല എന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.