ബിബിസിയുടെ മുംബൈയിലെയും ദില്ലിയിലെയും ഓഫീസുകളിൽ ആദായ നികുതി ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധന ഇന്നും തുടരുന്നു. ഗുജറാത്ത് കലാപത്തെ പറ്റി പ്രതിപാദിക്കുന്ന ഇന്ത്യ- ദ മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെൻ്ററി പുറത്തുവിട്ടതോടെയാണ് ഇൻകം ടാക്സ് റെയ്ഡിന് തുടക്കമായത്.
റെയ്ഡിനെ തുടർന്ന് ജീവനക്കാരോട് വർക്ക് ഫ്രം ഹോമിലേക്ക് പ്രവേശിക്കാൻ ബിബിസി നിർദേശിച്ചു. ബിബിസിയുടെ പ്രവർത്തനം പതിവ് പോലെ തുടരുമെന്നും പരിശോധനയ്ക്കെതിരെ സുപ്രീംകോടതി ഇടപെടൽ ആവശ്യപ്പെടാൻ ആലോചിക്കുന്നതായും ബിബിസി വ്യക്തമാക്കി. ഇന്നലെ രാവിലെ 11:30 ഓടെ ആരംഭിച്ച റെയ്ഡ് രാത്രിയിലും തുടർന്നിരുന്നു. അക്കൗണ്ട്, ധനകാര്യ ഡിപ്പാർട്ട്മെൻ്റ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ ലാപ്പ് ടോപ്പുകൾ, കംപ്യൂട്ടറുകൾ എന്നിവ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.