‘1971 ലെ പാക്കിസ്ഥാനല്ല ഇപ്പോഴുള്ളത്’; രാജ്നാഥ് സിങ്ങിന്റെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി ഹാഫിസ് സയീദ്
രാജ്നാഥ് സിങ്ങിന്റേത് യുദ്ധാഹ്വാനമെന്ന് ഹാഫിസ് സയീദ്
പാക്കിസ്ഥാനെ തകർക്കുന്നതിനെ കുറിച്ചാണ് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് സംസാരിക്കുന്നതെന്ന് ജമാഅത്തുദ്ദവ തലവൻ ഹാഫിസ് സയീദ്. ഇപ്പോള്‍ തുടരുന്ന ഭീകരവാദം അമർച്ച ചെയ്തില്ലെങ്കിൽ താമസിയാതെ പാക്കിസ്ഥാൻ പത്തു കഷ്ണമാകുമെന്നുള്ള രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന യുദ്ധത്തിനുള്ള ആഹ്വാനമാണെന്നും ലാഹോറിലെ നാസർ ബാഗിൽ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെ സയീദ് വ്യക്തമാക്കി.
ഇന്ത്യൻ ചാരനായ കുൽബുഷൻ യാദവിന് പാകിസ്ഥാന്‍ ക്ലീൻ ചിറ്റ് നൽകരുത്. പാക്കിസ്ഥാനിൽ ഇന്ത്യ നടത്തുന്ന ക്രൂരതകളെക്കുറിച്ച് വ്യക്തമാക്കാൻ കുൽബുഷനു സാധിക്കും. പാക്കിസ്ഥാനെ തകർക്കുന്നതിനെ കുറിച്ചാണ് രാജ്നാഥ് സിങ് സംസാരിക്കുന്നതെങ്കില്‍ സർതാജ് അസീസ് ഒന്നും മിണ്ടിയിട്ടില്ല. 1971 ലെ പാക്കിസ്ഥാനല്ല ഇപ്പോഴുള്ളത്. ഇന്ന് ലോകത്തെ ഏറ്റവും ശക്തമായ മുസ്‌ലിം രാജ്യവും ആണവായുധം കൈവശമുള്ള രാജ്യവുമാണ് പാകിസ്ഥാനെന്നും സയീദ് കൂട്ടിച്ചേര്‍ത്തു.