രാമക്ഷേത്രത്തില്‍ എന്നുമുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ലഭിക്കും?
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ഇന്നലെ ഉച്ചയോടെയാണ് പൂര്‍ത്തിയായത്
അയോധ്യയിലെ രാമക്ഷേത്രം ഇന്നുമുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. രാവിലെ മുതല്‍ തന്നെ ദര്‍ശനം തുടങ്ങും. ഇന്നലെ പ്രാണപ്രതിഷ്ഠയ്ക്കായി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമായിരുന്നു പ്രവേശനം.
ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാതെയാണ് ഇന്നലെ പ്രാണപ്രതിഷ്ഠ നടന്നത്. ശേഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരും. ഏകദേശം രണ്ട് വര്‍ഷമെങ്കിലും വേണ്ടിവരും എല്ലാ പണികളും പൂര്‍ത്തിയാകാന്‍.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ഇന്നലെ ഉച്ചയോടെയാണ് പൂര്‍ത്തിയായത്. രാംലല്ല വിഗ്രഹത്തിന്റെ കണ്ണു മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ണമായത്. 'മുഖ്യ യജമാനന്‍' ആയ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം പ്രധാന ചടങ്ങുകളില്‍ പങ്കെടുത്തു. കാശിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ആയിരുന്നു മുഖ്യ പുരോഹിതന്‍.