ലഡാക്കിലെ തർക്കബാധിതമായ പ്രദേശങ്ങളിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായതായി റിപ്പോർട്ട്.ഇന്ത്യൻ സേനയ്ക്കായി പതിനാറാം കോർ കമാൻഡര്‍ ലഫ്നന്റ് ജനറൽ ഹരീന്ദർ സിങ്ങും ചൈനയിലെ സൗത്ത് ഷിൻജിയാങ് മേഖലാ ചീഫ് മേജർ ജനറൽ ലിയൂ ലിന്നും നടത്തിയ ചർച്ചയിലാണ് ധാരണയായതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രശ്‌നപരിഹാരത്തിനായി നടക്കുന്ന മൂന്നാമത്തെ ചർച്ചയാണിത്.ചുഷുലില്‍ ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ച 12 മണിക്കൂറോളം നീണ്ടുനിന്നു.ലഡാക്കിലെ പട്രോളിങ് പോയിന്റ് 14, 15, 17 എന്നിവിടങ്ങളിലെ സൈനിക പിൻമാറ്റത്തിനാണു നിലവിൽ ധാരണയായത് എന്നാണ് റിപ്പോർട്ട്. അതേസമയം ഇന്ത്യയോ ചൈനയോ ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഗാൽവാൻ താഴ്‌വരയിലെ ഇന്ത്യൻ അതിർത്തിയിൽ നിന്നും ചൈന പിൻമാറുമെന്നാണ് ചർച്ചയിലെ ധാരണയെങ്കിലും പാംഗോങ് തടാകത്തോടു ചേർന്ന പ്രദേശത്തെ സംഘർഷ സാഹചര്യം അവസാനിപ്പിക്കുന്നതില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.ഹോട് സ്പ്രിങ്സ്, ഗോഗ്ര പ്രദേശങ്ങളിലെ പോയിന്റ് 15, 17 എന്നിവിടങ്ങളിൽനിന്നും ചൈന പിൻമാറിയേക്കുമെന്നും റിപ്പോർട്ടുണ്ട്.