റോഹിംഗ്യൻ അഭയാര്‍ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണി; ഐക്യരാഷ്ട്ര സഭാ ചട്ടങ്ങള്‍ ബാധകമല്ല - നിലപാടില്‍ ഉറച്ച് കേന്ദ്രം സുപ്രീംകോടതിയില്‍
റോഹിംഗ്യൻ അഭയാര്‍ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണി; ഐക്യരാഷ്ട്ര സഭാ ചട്ടങ്ങള്‍ ബാധകമല്ല - നിലപാടില്‍ ഉറച്ച് കേന്ദ്രം സുപ്രീംകോടതിയില്‍
അഭയം തേടിയെത്തിയ റോഹിംഗ്യൻ മുസ്ലിംകളെ ഒഴിപ്പിക്കണമെന്ന നിലപാടില്‍ ഉറച്ച് കേന്ദ്രസര്‍ക്കാര്‍. റോഹിംഗ്യൻ അഭയാര്‍ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു.
റോഹിംഗ്യൻ അഭയാർഥികളെ തിരിച്ചയക്കുന്നത് സംബന്ധിച്ച വിഷയത്തിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് വിശദമായ മറുപടി ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായി സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
റോഹിംഗ്യൻ അഭയാര്‍ഥികള്‍ (ഐഎസ്) ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ ചേരാന്‍ സാധ്യതയുണ്ട്. ഇവരുടെ കാര്യത്തില്‍ ഐക്യരാഷ്ട്ര സഭാ ചട്ടങ്ങള്‍ ബാധകമല്ല. ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സത്യവാങ്മൂലത്തിലാണ് കേന്ദ്രം വ്യക്തമാക്കുന്നു.
അഭയാർഥികളായി ഇന്ത്യയിലേക്കെത്തിയവരെ മ്യാൻമറിലേക്കു തന്നെ തിരികെ പറഞ്ഞയക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടികളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്.
അഭയാര്‍ത്ഥികളെ മ്യാന്മറിലേക്ക് തന്നെ തിരിച്ചയക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ഐക്യരാഷ്ട്ര സഭയും മനുഷ്യാവകാശ കമ്മീഷനും രംഗത്ത് വന്നിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു.
ജീവന് ആപത്തു നേരിടുന്ന മ്യാൻമറിലേക്കു റോഹിംഗ്യകളെ തിരിച്ചയക്കാന്‍ ഇന്ത്യക്കു കഴിയില്ലെന്നാണ് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയത്. അത്തരത്തിലുള്ള ഇന്ത്യയുടെ നീക്കം അപലപനീയമാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. കൂട്ടത്തോളെ അഭയാർഥികളെ തിരിച്ചയക്കാൻ ഇന്ത്യക്ക് അധികാരമില്ലെന്നും യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ സെയ്ദ് റാദ് അൽ ഹുസൈൻ പറഞ്ഞു.
ഏകദേശം 40,000–ഓളം റോഹിംഗ്യൻ അഭയാര്‍ഥികള്‍ ഇന്ത്യയിലുണ്ട്. ഇവരില്‍ 16,000 പേർക്ക് അഭയാർഥികളാണെന്നതിന്റെ ഔദ്യോഗിക രേഖകൾ ലഭിച്ചിട്ടുള്ളത്. ഇവർക്കെതിരെ മ്യാൻമറിൽ കടുത്ത വംശീയ സംഘർഷം നടക്കുമ്പോഴും അതിനിടയിലേക്ക് ഇവരെ മടക്കി വിടാനുള്ള നീക്കം ഖേദകരമാണെന്നുമാണ് കൗൺസിലിന്റെ 36മത് വാർഷിക സമ്മേളനത്തിൽ സെയ്ദ് റാദ് അൽ ഹുസൈൻ വ്യക്തമാക്കിയത്.