സ്ത്രീകൾ മല ചവിട്ടാൻ പാടില്ല? ഏക വനിതാ ജഡ്ജിയുടെ എതിർപ്പിനു പിന്നിലെ കാരണം?

‘സ്ത്രീകൾക്ക് മല ചവിട്ടാം’- അവർ നാല് പേരും ഒരേസ്വരത്തിൽ പറഞ്ഞപ്പോൾ എതിർപ്പുമായി ഏക വനിതാ ജഡ്ജിയായ ഇന്ദു മൽഹോത്ര

വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (12:17 IST)
12 വർഷം കാത്തിരുന്ന വിധി ചരിത്രവിധിയായി മാറിയിരിക്കുകയാണ്. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം‌കോടതിയുടെ വിധിയെ സർക്കാരും ദേവസ്വം അംഗീകരിച്ചു കഴിഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ചരിത്രപരമായ വിധി പ്രഖ്യാപിച്ചത്. 
 
ജസ്റ്റിസുമാരായ റോഹിന്റണ്‍ ഫാലി നരിമാന്‍, എ എം ഖാന്‍വില്‍ക്കർ‍, ഡി വൈ ചന്ദ്രചൂഡ‌്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് മറ്റ് അംഗങ്ങൾ. സ്ത്രീകളെ ദൈവമായി കാണുന്ന രാജ്യമാണ് ഇന്ത്യ. അവരോട് ഇരട്ടത്താപ്പ് കാണിക്കുന്നത് തരം താഴ്ത്തലിനു തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു.
 
വിശ്വാസത്തിന്റെ പേരിൽ സ്ത്രീകളോട് വിവേചനം അരുത്. ശബരിമലയിലെ ആചാരം ഹിന്ദു സ്ത്രീകളുടെ അവകാശം ഹനിക്കുന്നതാണ്. ലിംഗവിവേചനം ഭക്തിക്ക് തടസ്സമാകരുത്. പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം‌കോടതി നിരീക്ഷിച്ചു. 
 
അതേസമയം, അഞ്ചംഗ ഭരണഘടനാ ‍ബെഞ്ചിലെ നാലു ജഡ്ജിമാർ ഒരേ അഭിപ്രായം കുറിച്ചപ്പോൾ ഏക വനിതാ ജഡ്ജിയായ ഇന്ദു മൽ‌ഹോത്ര വിയോജിച്ചു. സ്ത്രീകളെ ശബരിമലയിൽ കയറ്റുന്നതിനോട് എതിർപ്പുള്ളവരിൽ ഒരാളാണ് ഇന്ദു മൽ‌ഹോത്ര.  
 
വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യുക്തിക്കു സ്ഥാനമില്ലെന്ന് ഇന്ദു മൽ‌ഹോത്ര പറയുന്നു. ശബരിമലയിലെ സംഭവത്തിൽ മതവിശ്വാസങ്ങളെ വേർതിരിച്ച് കാണേണ്ടതുണ്ട്. മതവികാരങ്ങള്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ കോടതി ഇടപെടാതിരിക്കുന്നതാവും അഭികാമ്യം. ആഴത്തില്‍ വേരൂന്നിയ മതവിശ്വാസങ്ങളെ, രാജ്യത്തിന്റെ  മതനിരപേക്ഷതയ്ക്കായി മാറ്റിയെഴുതരുതെന്ന് അവര്‍ തന്റെ വിധിയിൽ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'വിധി നിരാശാജനകം, നടപ്പിലാക്കാതെ മാർഗ്ഗമില്ല'