Saif Ali Khan: നട്ടെല്ലിനു സമീപത്തു നിന്ന് കിട്ടിയത് രണ്ടര ഇഞ്ച് നീളമുള്ള കത്തിയുടെ ഭാഗം; ശസ്ത്രക്രിയ നീണ്ടത് അഞ്ച് മണിക്കൂര്‍ !
മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് താരം ഇപ്പോള്‍ ഉള്ളത്
Saif Ali Khan: വീട്ടില്‍ മോഷണത്തിനു എത്തിയ അക്രമിയുടെ കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ അപകടനില തരണം ചെയ്തു. മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് സെയ്ഫിനു കുത്തേറ്റത്. പരുക്കുകള്‍ ഗുരുതരമായതിനാല്‍ സെയ്ഫിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് താരം ഇപ്പോള്‍ ഉള്ളത്. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ നട്ടെല്ലിനു സമീപത്തു നിന്ന് കത്തിയുടെ 2.5 ഇഞ്ച് നീളമുള്ള ഭാഗം നീക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അക്രമി ആറ് തവണയാണ് സെയ്ഫിനെ കുത്തിയത്. അടുത്ത ഏതാനും ദിവസങ്ങള്‍ സെയ്ഫിനു പൂര്‍ണ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന കപൂര്‍ ആശുപത്രിയിലുണ്ട്.
നട്ടെല്ലിലെ ദ്രാവക ചോര്‍ച്ചയാണ് സെയ്ഫിന്റെ ആരോഗ്യനില വഷളാക്കിയത്. മുറിവ് വലുതായതിനാല്‍ സുഷ്മുനാ നാഡിയിലേക്കും തലച്ചോറിലേക്കും അണുബാധ പടരാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അതുകൊണ്ടാണ് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ആവശ്യപ്പെട്ടത്. ശസ്ത്രക്രിയയ്ക്കു ശേഷമാണ് താരം അപകടനില തരണം ചെയ്തത്.
അതേസമയം അക്രമിക്കു വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് തുടരുകയാണ്. അന്വേഷണത്തിനായി മുംബൈ പൊലീസ് 20 ടീമിനെ വിന്യസിച്ചിട്ടുണ്ട്.