ബലാത്സംഗത്തിന് ഇരയായ സ്ത്രീയെപോലെ ആയിരുന്നു എന്റെ അവസ്ഥ, നേരെ നില്‍ക്കാന്‍ പോലും കഴിഞ്ഞില്ല - സല്‍മാന്‍ ഖാന്‍
സംഭവം വിവാദമായതിനെ തുടര്‍ന്ന് സല്‍മാന്‍ ഖേദം പ്രകടിപ്പിച്ചു
വിവാദ പരാമര്‍ശത്തില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ വെട്ടിലായി. പുതിയ ചിത്രം സുല്‍ത്താന്റെ ഷൂട്ടിംഗിനെ കുറിച്ചുള്ള അനുഭവങ്ങള്‍ സ്പോട്ബോയെ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുമായി പങ്കുവയ്‌ക്കുമ്പോള്‍ താരം നടത്തിയ ഒരു പരാമര്‍ശമാണ് അദ്ദേഹത്തെ വിവാദത്തിലാക്കിയത്.
ചിത്രത്തിന്റെ ചില ഭാഗങ്ങളിലെ ഷൂട്ട് കഴിഞ്ഞിറങ്ങിയപ്പോള്‍ ബലാത്സംഗത്തിന് ഇരയായ സ്ത്രീയെപോലെ ആയിരുന്നു തന്റെ അവസ്ഥയെന്ന് സല്‍മാന്‍ പറഞ്ഞതാണ് വിവാദമായത്.
സുല്‍ത്താന്റെ ഷൂട്ട് ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. ഗുസ്‌തിയുടെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തിനായി മണിക്കൂറുകളോളം വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവന്നു. ഒരിക്കല്‍ 120 കിലോ ഭാരമെടുക്കുന്ന ഒരു ഷോട്ട് വ്യത്യസ്ത ആംഗിളുകളില്‍നിന്നും പകര്‍ത്താനായി പത്തുതവണ ആ ഭാരമുയര്‍ത്തേണ്ടി വന്നു. വളരെ കഷ്‌ടപ്പാടും ബുദ്ധിമുട്ടും നിറഞ്ഞതായിരുന്നു ഷൂട്ടിംഗ് എന്നും താരം പറഞ്ഞു.
ഗുസ്‌തി പിടിക്കുന്നതിനിടെ റിംഗില്‍ വീഴുന്നതും ഇടിക്കുന്നതും ആവര്‍ത്തിച്ച് ഷൂട്ട് ചെയ്യേണ്ടിവന്നു. പലപ്പോഴും പല ഷോട്ടുകളും എടുക്കുന്നത് മണിക്കൂറുകളോളം നീണ്ടു നിന്നു. തുടര്‍ച്ചയായി വിശ്രമമില്ലാതെ മണിക്കൂറുകളോളം ജോലി ചെയ്യേണ്ടിവന്നു. ഷൂട്ട് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ബലാത്സംഗത്തിന് ഇരയായ സ്ത്രീയെപോലെ ആയിരുന്നു തന്റെ അവസ്ഥ എന്നും സല്‍മാന്‍ ഖാന്‍ അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ഇതാണ് വിവാദത്തിന് വഴിയൊരുക്കിയത്. സോഷ്യല്‍ മീഡിയകള്‍ വഴിയാണ് പ്രതിഷേധം ശക്തമായത്.
അതേസമയം, സംഭവം വിവാദമായതിനെ തുടര്‍ന്ന് സല്‍മാന്‍ ഖേദം പ്രകടിപ്പിച്ചതായി ബോളിവുഡ്ലൈഫ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.