ഭയപ്പെടില്ലെന്ന് ശശികല; കൂവത്തൂരിലെ റിസോര്‍ട്ടില്‍ ചര്‍ച്ചകള്‍ സജീവം - പുതിയ നീക്കവുമായി ഒപിഎസ്
ശശികല വീണ്ടും കൂവത്തൂർ റിസോർട്ടിൽ
സ്ത്രീകൾ രാഷ്ട്രീയത്തിലെത്തിയാൽ ആളുകൾ സഹിക്കില്ലെന്ന് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വികെ ശശികല. താൻ എഴുതിയതാണെന്ന രൂപത്തിൽ ഒരു കത്ത് പ്രചരിക്കുന്നുണ്ട്. ഒരു സ്ത്രീ രാഷ്ട്രീയത്തിലെത്തിയാലുണ്ടാകുന്ന അസഹിഷ്ണുതയാണ് ഇത് കാണിക്കുന്നതെന്നും കൂവത്തൂരിലെക്ക് പോകുന്നതിന് മുമ്പ് അവര്‍ വ്യക്തമാക്കി.
ഭീഷണികളിൽ ഭയപ്പെടില്ല. ഇത്തരം പ്രതിസന്ധികൾ ആദ്യത്തേതല്ല. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് പുതിയ സർക്കാർ രൂപീകരിക്കും. എംജിആറിന്റെ കാലത്തും ഇത്തരം പ്രതിസന്ധികൾ നേരിട്ടിരുന്നു. എല്ലാത്തിനെയും പാർട്ടി അതിജീവിക്കും. അണ്ണാ ഡിഎംകെ ജനാധിപത്യത്തിൽ വിശ്വസിക്കുന്നുണ്ടെന്നും ശശികല വ്യക്തമാക്കി.
എല്ലാ എംഎൽഎമാരും തനിക്കൊപ്പമാണ്. എംപിമാർ അപ്പുറത്തേക്കുപോയത് എന്തുകൊണ്ടാണെന്ന് എല്ലാവർക്കമറിയാം. എന്റെ പേരില്‍ പ്രചരിക്കുന്ന കത്തുകളില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്നും ശശികല പറഞ്ഞു. ശശികല വീണ്ടും കൂവത്തൂർ റിസോർട്ടിൽ. എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തുകയാണ്. കൽപ്പാക്കത്ത് കഴിഞ്ഞിരുന്ന എംഎൽഎമാരെയും കൂവത്തൂരിലെത്തിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്കുശേഷം തുടർനടപടി തീരുമാനിക്കും.
അതേസമയം, കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ സെല്‍വം കൂവത്തൂർ റിസോർട്ടിൽ എത്തുമെന്ന പ്രചാരണവുമുണ്ട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും എംപിമാരും ഒപിഎസ് ക്യാമ്പിലേക്ക് കൂറു മാറുന്നതാണ് ശശികലയെ സമ്മര്‍ദ്ദത്തിലാക്കിയത്.