കന്യാസ്‌ത്രീയെ പീഡിപ്പിച്ച സംഭവം; ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ ചോദ്യം ചെയ്‌തു, അറസ്‌റ്റ് ഉടൻ ഇല്ല
കന്യാസ്‌ത്രീയെ പീഡിപ്പിച്ച സംഭവം; ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ ചോദ്യം ചെയ്‌തു, അറസ്‌റ്റ് ഉടൻ ഇല്ല
കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്‌തു. എന്നാൽ ബിഷപ്പിന്റെ അറസ്‌റ്റ് ഉടൻ ഉണ്ടാകില്ല. കഴിഞ്ഞ ദിവസമായിരുന്നു ബിഷപ്പിനെതിരെ നാല് വൈദികരുടെ മൊഴി ഉണ്ടായിരുന്നത്. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കണമെന്നറിയിച്ച അന്വേഷണ സംഘം ബിഷപ്പിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു.
കുറവിലങ്ങാട്ടെ മഠത്തിൽ പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന തീയതികളിൽ വൈരുധ്യമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി വളരെ നാടകീയ രംഗങ്ങളായിരുന്നു ഇന്നലെ ബിഷപ്പ് ഹൗസിന് മുന്നിൽ നടന്നത്. അഞ്ച് മണിക്കൂർ കാത്തിരുന്ന അന്വേഷണസംഘം, ബിഷപ്പ് എത്തും വരെ മറ്റ് വൈദികരില്‍നിന്നു മൊഴിയെടുക്കാനുണ്ടായിരുന്നുവെന്ന വിശദീകരണമാണു നൽകിയത്.
ബിഷപ്പിനെതിരെ മറ്റ് കന്യാസ്‌ത്രീകളും ഇതിന് മുമ്പ് മൊഴി നൽകിയിരുന്നു. ഇന്നലെ രാത്രി എട്ട് മണിക്കായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ ബിഷപ്പിനെ ചോദ്യം ചെയ്‌തത്. പുലർച്ചെ 4.45 വരെ ചോദ്യം ചെയ്യുകയും മറ്റ് അന്വേഷണ ഉദ്യോഗസ്ഥർ ബിഷപ്പ് ഹൗസിൽ നിന്ന് ശാസ്‌ത്രീയമായ തെളിവുകൾ ശേഖരിക്കുകയും ചെയ്‌തു. അതേസമയം അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും ഏത് പരിശോധനകൾക്കും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തയാറാണെന്നും ബിഷപ്പിന്റെ അഭിഭാഷകൻ വ്യക്തമാക്കി.