മര്‍ദ്ദനമേറ്റിട്ടും ആർഎസ്എസിനെതിരേ ആഞ്ഞടിച്ച് യെച്ചൂരി; പ്രസ്താവന വൈറലാകുന്നു
ആർഎസ്എസ് ഗുണ്ടായിസത്തിനു മുന്നിൽ മുട്ടുമടക്കില്ല: യെച്ചൂരി
ആർഎസ്എസ് ഗുണ്ടായിസത്തിനു മുന്നിൽ മുട്ടുമടക്കില്ലെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം ആക്രമണങ്ങളിലൂടെ തങ്ങളെ നിശബ്ദരാക്കാനാകില്ല. ഇന്ത്യയുടെ ആത്മാവ് തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ് പാർട്ടി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
എകെജി ഭവനില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിനിടെ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു യെച്ചൂരി. ട്വിറ്ററിലൂടെയാണ് യെച്ചൂരി സംഘപരിവാറിന്റെ ആക്രമണത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ചത്.
ഹിന്ദുസേന പ്രവർത്തകരാണ് എകെജി ഭവനില്‍ അകത്ത് കയറി യെച്ചൂരിയെ ആക്രമിച്ചത്. അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തു.
വൈകിട്ട് നാലു മണിക്ക് പത്രസമ്മേളനം നടത്താനായി മൂന്നാം നിലയിലെ ഹാളിലേക്ക് വരുമ്പോഴായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സഹായത്തോടെ മൂന്ന് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ യെച്ചൂരിയെ ആക്രമിച്ചത്. ആര്‍എസ്എസ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചെത്തിയവര്‍ യെച്ചൂരിയെ തള്ളിയിടുകയായിരുന്നു.
കൈയേറ്റത്തിനിടെ യെച്ചൂരി താഴെ വീണതോടെ മാധ്യമ പ്രവർത്തകരും മറ്റുള്ളവരും ചേർന്ന് അദ്ദേഹത്തെ മറ്റൊരു മുറിയിലേക്കു മാറ്റുകയായിരുന്നു.
ഹിന്ദുസേന പ്രവർത്തകരായ ഉപേന്ദ്ര കുമാർ, പവൻ കൗൾ, എന്നിവരാണ് യെച്ചൂരിയെ ആക്രമിച്ചത്.