മിസോറാം അതിർത്തിയിൽ തിങ്കളാഴ്ച നടന്ന അക്രമത്തിനിടെ അസം പൊലീസിലെ ആറ് പേർ കൊല്ലപ്പെട്ടു. സംഘർഷത്തിൽ പരിക്കേറ്റ 50 പോലീസുകാരെ സിൽചാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾ തമ്മിൽ അക്രമണമുണ്ടായത്.
അതിർത്തി പ്രദേശങ്ങളിൽ നിന്ന് വെടിവെയ്‌പ്പുണ്ടായതായും സർക്കാർ വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എട്ട് കർഷകരുടെ കുടിലുകൾ അജ്ഞാത അക്രമികൾ കത്തിച്ചതിനെത്തുടർന്നാണ് അതിർത്തിയിൽ സംഘർഷാവസ്ഥ ഉണ്ടായതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം അസം മിസോറം അതിർത്തിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പൊലീസുകാർക്ക് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ആദരാഞ്ജലി അർപ്പിച്ചു.
നേരത്തെ അസം മിസോറാം അതിർത്തിയായ വൈറംഗയിൽ നിന്ന് പിൻമാറാൻ അസം പൊലീസിന് നിർദേശം നൽകണമെന്ന് മിസോറം മുഖ്യമന്ത്രി സോറംതംഗ ഹിമന്ത ബിശ്വ ശർമ്മയോട് ആവശ്യപ്പെട്ടിരുന്നു. അസമിലെ കച്ചര്‍, മിസോറമിലെ കൊലസിബ് ജില്ലകള്‍ക്കിടയിലുള്ള അതിര്‍ത്തി മേഖലയിലാണു സംഘര്‍ഷമുണ്ടായത്.
അതിര്‍ത്തിയിലെ നദിക്കരയില്‍ മിസോറംകാരായ പ്രദേശവാസികള്‍ താമസിച്ചിരുന്ന എട്ടു കുടിലുകള്‍ ഞായറാഴ്ച രാത്രി തകര്‍ത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സംഘർഷത്തിൽ കച്ചര്‍ ജില്ലാ പൊലീസ് മേധാവി നിംബല്‍ക്കര്‍ വൈഭവ് ചന്ദ്രകാന്ത് അടക്കം അന്‍പതോളം പൊലീസുകാര്‍ക്കു വെടിയേറ്റു.
അസമില്‍ ബിജെപിയും മിസോറമില്‍ ബിജെപി കൂടി ഉള്‍പ്പെട്ട സഖ്യത്തില്‍ അംഗമായ മിസോ നാഷണല്‍ ഫ്രണ്ടുമാണു ഭരിക്കുന്നത്. അസമിലെ കച്ചര്‍, ഹയ്‌ലാകന്ദി, കരിംഗഞ്ച് ജില്ലകളും മിസോറമിലെ ഐസോള്‍, കൊലസിബ്, മമിത് ജില്ലകളും തമ്മിലുള്ള 164.4 കിലോമീറ്റര്‍ അതിര്‍ത്തിയിലാണു തര്‍ക്കം. ഈ പ്രദേശങ്ങളിൽ ഇരുസംസ്ഥാനങ്ങളും അവകാശമുന്നയിക്കുന്നതാണ് സംഘർഷം രൂക്ഷമാക്കാൻ ഇടയായത്.