മുംബൈ സ്ഫോടനം: രണ്ട് പ്രതികള്‍ക്ക് വധശിക്ഷ, അബു സലേമിനും കരിമുളള ഖാനും ജീവപര്യന്തം
1993 മുംബൈ സ്ഫോടനം: താഹിർ മെർച്ചന്റിനും ഫിറോസ് ഖാനും വധശിക്ഷ
രാജ്യത്തെ നടുക്കിയ 1993 മുംബൈ സ്‌ഫോടനകേസില്‍ അബു സലേം, കരിമുള്ള ഖാന്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവും താഹിർ മെർച്ചന്റ്, ഫിറോസ് ഖാൻ എന്നിവർക്കു വധശിക്ഷയും കോടതി വിധിച്ചു. മറ്റൊരു പ്രതിയായ റിയാസ് സിദ്ദീഖിക്ക് പത്ത് വര്‍ഷത്തെ തടവും കോടതി വിധിച്ചു.
വധശിക്ഷ ഒഴിവാക്കിയുള്ള വകുപ്പുകള്‍ മാത്രമേ അബു സലേമിനു നേരെ ചുമത്തുകയുള്ളൂ എന്ന നിബന്ധനയായിരുന്നു പോർച്ചുഗലില്‍ പൗരത്വമുള്ള അയാളെ അവിടെനിന്നു വിട്ടുകിട്ടുന്നതിനായി മുന്നോട്ട് വച്ചത്. അതേസമയം, കേസിലെ മുഖ്യപ്രതിയായ യാക്കൂബ് മേമനുമായി ഗൂഢാലോചനയിൽ ഏർപ്പെട്ടതായി തെളിഞ്ഞതുകൊണ്ടാണ് താഹിർ മെർച്ചന്റിനും ഫിറോസ് ഖാനും കോടതി വധശിക്ഷ വിധിച്ചത്.
കേസിൽ അബുസലേം ഉള്‍പ്പെടെ ആറുപേരാണ് കുറ്റക്കാരെന്ന് പ്രത്യേക ടാഡ കോടതി കണ്ടെത്തിയിരുന്നു. 257 പേരുടെ മരണത്തിനും 713 പേരുടെ പരിക്കിനും ഇടയാക്കിയ സ്ഫോടന പരന്പര ഉണ്ടായി 24 വർഷങ്ങൾക്കുശേഷമാണ് കോടതിയുടെ ഈ വിധി.