ഗുജറാത്തിലെ സൂറത്തില്‍ ട്യൂഷന്‍ സെന്ററില്‍ വന്‍ തീപിടിത്തം. 18 വിദ്യാർഥികൾ മരിച്ചതായാണ് വിവരം. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച വൈകിട്ടോടെ സൂറത്തിലെ തക്ഷശില കോംപ്ലക്സിന്റെ മൂന്നാമത്തെയും നാലാമത്തെയും നിലയിൽ പ്രവർത്തിക്കുന്ന വിദ്യാർഥികളുടെ പരിശീലന കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്.
സംഭവസമയം നിരവധി വിദ്യാർഥികൾ ഇവിടെ ഉണ്ടായിരുന്നു. രക്ഷപെടാൻ കെട്ടിടത്തിനു മുകളിൽ നിന്നു ചാടിയവരാണ് മരിച്ചവരിൽ ഏറെയും. ഇവരിൽ ഭൂരിഭാഗവും 14നും 15നും പ്രായത്തിന് ഇടയിലുള്ളവരാണ്. നിരവധി വിദ്യാർഥികൾ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായും സംശയമുണ്ട്.
രക്ഷപെടാനായി കുട്ടികള്‍ മൂന്നാം നിലയില്‍ നിന്ന് ചാടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 19 ഓളം ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തീപിടുത്തത്തില്‍ അനുശേചനം രേഖപ്പെടുത്തി. ഗുജറാത്ത് സര്‍ക്കാരിനോട് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാനും മോദി നിര്‍ദേശം നല്‍കി.