മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ സുനന്ദ പുഷ്കര്‍ ആഹാരം കഴിച്ചിരുന്നില്ലെന്നാണ് ലീല പാലസ് ഹോട്ടലില്‍ അവരുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാര്‍ ആദ്യം പൊലീസിന് മൊഴി നല്‍കിയത്. ഇളനീര്‍ മാത്രമാണ് സുനന്ദ കഴിച്ചതെന്നും അവര്‍ സിഗരറ്റ് വലിച്ചുകൊണ്ടേയിരുന്നു എന്നും ജീവനക്കാര്‍ അന്ന് മൊഴി നല്‍കി.
ഇപ്പോള്‍ സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് അന്നത്തെ മൊഴികള്‍ പ്രസക്തമാകുന്നത്. സുനന്ദയുടേത് ആത്മഹത്യയാണെന്നാണ് ഡല്‍ഹി പൊലീസ് ഇപ്പോള്‍ പറയുന്നത്. ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. 200 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്.
സുനന്ദയുടെ മരണം കൊലപാതകം എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്ന ഡല്‍ഹി പൊലീസ് ഇപ്പോള്‍ അത് ആത്മഹത്യയാണെന്ന നിഗമനത്തില്‍ എത്തിയതില്‍ ശശി തരൂരിന് ആശ്വസിക്കാം. സുനന്ദയുടെ മരണത്തിന് തൊട്ടടുത്ത ദിവസങ്ങളില്‍ ഹോട്ടല്‍ ജീവനക്കാര്‍ നല്‍കിയ മൊഴിയും ആത്മഹത്യാസാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. വിഷാദത്തിലായിരുന്ന സുനന്ദ ഹിന്ദി ശോകഗാനങ്ങള്‍ ആവര്‍ത്തിച്ചു കേട്ടുകൊണ്ടിരുന്നു എന്നാണ് ജീവനക്കാര്‍ പറഞ്ഞത്. സുനന്ദയുടെ മരണകാരണം വിഷാദത്തിനുള്ള മരുന്നുകള്‍ അമിതമായി ഉള്ളില്‍ച്ചെന്നത് മൂലമായിരിക്കാം എന്ന് രാസപരിശോധനയില്‍ കണ്ടെത്തിയതായും അന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
സുനന്ദയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു എന്നും എന്നാല്‍ ഇവയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും എയിംസ് ആശുപത്രി ഫോറന്‍സിക് വിഭാഗം തലവന്‍ സുധീര്‍കുമാര്‍ ഗുപ്ത പറഞ്ഞിരുന്നു. സുനന്ദയുടേത് പെട്ടെന്നുള്ള അസ്വാഭാവിക മരണമാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. സുനന്ദയുടെ മരണം കൊലപാതകമാണെന്നാണ് ഡല്‍ഹി പൊലീസ് ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കൊലപാതകം തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല.