തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ
എന്‍ഐഎ കസ്റ്റഡിയിലുള്ള റാണയുടെ ചോദ്യംചെയ്യല്‍ തുടരുകയാണ്.
മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ എന്‍ഐഎ കൊച്ചിയിലെത്തിച്ചു തെളിവെടുക്കും. അമേരിക്ക ഇന്ത്യയ്ക്ക് കൈമാറിയ റാണ നിലവിൽ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) കസ്റ്റഡിയിലാണുള്ളത്. റാണയുടെ 2008-ലെ യാത്രകളെ പിന്തുടര്‍ന്നുള്ള അന്വേഷണം കേരളത്തിലേക്കും വ്യാപിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയിലെത്തിച്ചുള്ള തെളിവെടുപ്പ്. എന്‍ഐഎ കസ്റ്റഡിയിലുള്ള റാണയുടെ ചോദ്യംചെയ്യല്‍ തുടരുകയാണ്.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ക്കു നല്‍കിയ മൊഴികളും റാണയുടെ മൊഴികളും പരിശോധിച്ചാണ് എന്‍ഐഎ സംഘത്തിന്റെ ചോദ്യങ്ങള്‍. റാണയില്‍നിന്നു ലഭിക്കുന്ന വിവരങ്ങളില്‍നിന്ന് പാക് ഗൂഢാലോചന പുറത്തുകൊണ്ടുവരാനും എന്‍ഐഎ ലക്ഷ്യമിടുന്നു.
2008 നവംബര്‍ 26-ലെ മുംബൈ ഭീകരാക്രമണത്തിനുമുന്‍പാണ് റാണ കൊച്ചി സന്ദര്‍ശിച്ചത്. നവംബര്‍ 11മുതല്‍ 21വരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ഇയാൾ യാത്ര ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് കൊച്ചിയിലുമെത്തിയത്. ഭീകരാക്രമണത്തിനുവേണ്ട തയ്യാറെടുപ്പുകള്‍ക്കായിരുന്നു റാണയുടെ സഞ്ചാരമെന്നാണ് അന്വേഷണ ഏജന്‍സി സംശയിക്കുന്നത്.
2008 നവംബര്‍ 16,17 തീയതികളില്‍ കൊച്ചി മറൈന്‍ഡ്രൈവിലെ താജ് റസിഡന്‍സി ഹോട്ടലില്‍ റാണ തങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഭാര്യയോടൊപ്പമായിരുന്നു ഇയാൾ റൂമെടുത്തിരുന്നത്. ആരെക്കാണാനാണു റാണ അന്നെത്തിയത്, ആരെയെല്ലാം നേരിട്ടു കണ്ടു, എന്തായിരുന്നു സന്ദര്‍ശനലക്ഷ്യം, ആരോടെല്ലാം ഈ ദിവസങ്ങളില്‍ ഫോണില്‍ ബന്ധപ്പെട്ടു തുടങ്ങിയ നിര്‍ണായക വിവരങ്ങളില്‍ വ്യക്തത വരുത്താനാണു ശ്രമിക്കുന്നത്.
ഈ ദിവസങ്ങളില്‍ 13 പേരെ നേരിട്ടും അല്ലാതെയും റാണ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഇവരെ നിരീക്ഷിച്ച് വരികെയാണ്. റാണ കേരളത്തില്‍ മറ്റെവിടെയെങ്കിലും തങ്ങിയിരുന്നോ എന്ന ചോദ്യവും അന്വേഷണ ഉദ്യോഗസ്ഥർ ഉന്നയിക്കുന്നുണ്ട്. ആദ്യമായിട്ടാണോ റാണ കൊച്ചിയിലെത്തുന്നത്? ഇതിനു മുന്‍പും കേരളത്തില്‍ എത്തിയിട്ടുണ്ടോ എന്നുൾപ്പെടെയുള്ള വിവരങ്ങളും അന്വേഷിക്കും. റാണയെയും സഹായിയെയും ചോദ്യം ചെയ്യുന്നതിലൂടെ ഈ വിവരങ്ങള്‍ പുറത്തുകൊണ്ടു വരാനാകും എന്ന പ്രതീക്ഷയിലാണ് എന്‍ഐഎ.
കൊച്ചിയില്‍ എത്തും മുന്‍പ് പ്രമുഖ ഇംഗ്ലിഷ് പത്രത്തില്‍ റാണയുടെ പേരില്‍ വിദേശ റിക്രൂട്‌മെന്റ് പരസ്യം നല്‍കിയിരുന്നതായും ഹോട്ടല്‍ മുറിയില്‍ ഇന്റര്‍വ്യൂ നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കേരളത്തില്‍നിന്ന് യുവാക്കളെ ലഷ്‌കറെ തൊയ്ബയിലേക്ക് റിക്രൂട്ട് ചെയ്ത കേസിലെ മുഖ്യപ്രതി കെ.പി. സാബീറുമായുള്ള റാണയുടെ പങ്കും അന്വേഷിക്കും. സാബിറിനെ രാജ്യംവിടാന്‍ സഹായിച്ചതില്‍ റാണയുടെ കൈകൾ ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. റാണ കൊച്ചിയില്‍നിന്ന് പോയി ദിവസങ്ങള്‍ക്കുള്ളില്‍ സാബിര്‍ രാജ്യംവിട്ടു. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് മുംബൈ വിമാനത്താവളം വഴി സാബിര്‍ രക്ഷപ്പെട്ടത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ലഷ്‌കറെ തൊയ്ബയുടെ കമാന്‍ഡറുമായുള്ള റാണയുടെ ബന്ധത്തെക്കുറിച്ചും അന്വേഷണമുണ്ടാകുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കി.