ഇന്ത്യ അമേരിക്കയുമായുള്ള പ്രതിരോധ ഇടപാടുകള്‍ നിര്‍ത്തിവച്ചുവെന്ന റോയിറ്റേഴ്‌സിന്റെ റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍
വാര്‍ത്ത വ്യാജമാണെന്നും റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്നും ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യ അമേരിക്കയുമായുള്ള പ്രതിരോധ ഇടപാടുകള്‍ നിര്‍ത്തിവച്ചുവെന്ന റോയിറ്റേഴ്‌സിന്റെ റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. വാര്‍ത്ത വ്യാജമാണെന്നും റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്നും ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതേസമയം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അമേരിക്കന്‍ സന്ദര്‍ശനം ഇന്ത്യ റദ്ദാക്കി എന്ന വാര്‍ത്തകള്‍ കേന്ദ്രം തള്ളിയില്ല.
പ്രതിരോധ കരാറുകളില്‍ തല്‍ക്കാലം ഒപ്പുവയ്ക്കുന്നില്ല എന്ന സൂചനയാണ് രാജനാഥ് സിങ്ങിന്റെ യാത്ര റദ്ദാക്കിയതിലൂടെ പുറത്തുവരുന്നത്. മറ്റു രാജ്യങ്ങളുമായുള്ള ബന്ധം അമേരിക്ക നിര്‍ദേശിക്കുമ്പോലെ തീരുമാനിക്കാനാവില്ലെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിരുന്നു. തിരുവാ വിഷയത്തില്‍ പരമാധികാരം സംരക്ഷിച്ച് നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. പിന്നാലെ ഇന്ത്യക്കെതിരെ പ്രഖ്യാപിച്ച തീരുവയില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പറഞ്ഞ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ട്രംപിന്റെ ഭീഷണി നേരിടാന്‍ ഇന്ത്യയും ബ്രസീലും ഒന്നിച്ചു നില്‍ക്കുമെന്ന് ബ്രസീല്‍ ഇതിനിടെ വ്യക്തമാക്കി.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇതുസംബന്ധിച്ച ചര്‍ച്ച നടത്തിയെന്നും ബ്രസീല്‍ പ്രസിഡന്റ് ലുല ദാ സില്‍വ അറിയിച്ചു. അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു. റഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് അജിത് ഡോവല്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം പ്രസിഡന്റ് വരുന്ന തീയതി തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ സന്ദര്‍ശനം ഉണ്ടാകുമെന്ന് ഇന്റര്‍ഫാക്‌സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.