ടൂറിസ്റ്റ് ബസിനു പിന്നാലെ കുതിച്ച് ചാടുന്ന കടുവയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചതോടെ 2 ജീവനക്കാരുടെ പണി പോയി. ഛത്തീസ്ഗഡിലെ നന്ദൻവൻ വനത്തിനുള്ളിൽ സഫാരിക്കിടെ ആയിരുന്നു സംഭവം. വാഹനത്തിന്റെ ഡ്രൈവറെയും അതിലുണ്ടായിരുന്ന ടൂറിസ്റ്റ് ഗൈഡിനെയുമാണു ജോലിയിൽ നിന്നും പിരിച്ചുവിട്ടത്.
കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം നടന്നത്. 2 കടുവകൾ തമ്മിൽ പോരടിക്കുന്നതിനിടയിൽ അതിലൊരെണ്ണം വാഹനത്തിനു പിന്നാലെ കുതിച്ച് പായുകയായിരുന്നു. ബസിൽനിന്നു പുറത്തേക്കു കിടന്ന കർട്ടൻ തുണിയിൽ കടുവ കടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ബസിൽ ഉണ്ടായിരുന്ന വിനോദസഞ്ചാരികൾ ചിത്രീകരിച്ച വീഡിയോ ആണ് പുറത്തുവന്നത്.
ഡ്രൈവർ വാഹനം വളരെ പതുക്കെ ആയിരുന്നു ഓടിച്ചിരുന്നത്. വാഹനത്തിന്റെ വേഗത കൂട്ടാൻ ടൂറിസ്റ്റുകൾ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ അത് കേട്ടതായി നടിച്ചില്ല. സാഹസികത നിറഞ്ഞ രീതിയിൽ വാഹനമോടിച്ചതിനും ഡ്രൈവറെ തിരുത്താൻ ഗൈഡ് തയ്യാറാകാതിരുന്നതിനുമാണ് ഇരുവരേയും ജോലിയിൽ നിന്നും പിരിച്ചു വിട്ടത്.