നടത്തംകൊണ്ട് ലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ സി1 എന്ന് പേരിട്ടിരിക്കുന്ന കടുവ. മഹാരാഷ്ട്രയിൽനിന്നും തെലങ്കാനയിലേക്കും, തെലങ്കാനയിൽനിന്നും തിരികെയുമാണ് ഈ നടത്തം. ഇപ്പോഴും യാത്ര തുടരുകയാണ് കടുവ. ഇതുവരെ 1300 കിലോമീറ്റരാണ് കടുവ താണ്ടിയത് എന്നാണ് റിപ്പോർട്ടുകൾ. ലോകത്തിൽ തന്നെ ഒരു കടുവ സഞ്ചരിക്കുന്ന ഏറ്റവും വലിയ ദൂരമായാണ് ഇത് കണക്കാക്കപ്പെടുന്നത്.
ഭക്ഷണത്തിനും മനസിന് പിടിച്ച ഇണയേയും തേടിയായിരുന്നത്രെ കടുവയുടെ ഈ സവാരി. മഹാരാഷ്ട്രയിലെ ത്രിപേശ്വർ വന്യജിവി സങ്കേതത്തിൽനിന്നുമാണ് കടുവ യാത്ര ആരംഭിച്ചത്. നഗരങ്ങളും, ഗ്രാമങ്ങളും ദേശീയ പാതകളുമെല്ലാം താണ്ടിയായിരുന്നു ഒരു കൂസലുമില്ലാതെ സി1 കടുവയുടെ സഞ്ചാരം. രാജ്യത്ത് കടുവകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. അതിനാൽ വേട്ടയാടാനുള്ള ഇടത്തിനായി കടുത്ത മത്സരമാണ് നടക്കുന്നത്. അതാവാം സി1 കടുവയെ ഇത്ര ദൂരം സഞ്ചരിക്കാൻ പ്രേരിപ്പിച്ചത് എന്നാണ് ഗവേഷകരുടെ നിഗമനം.
റേഡിയോ കോളാർ ഘടിപ്പിച്ചാണ് കടുവയുടെ സഞ്ചാരപഥം ഗവേഷകർ കണ്ടെത്തിയത്. സി1 കടുവയോടൊപ്പം തന്നെ മറ്റൊരു കടുവയും യാത്ര ആരംഭിച്ചിരുന്നു. എന്നാൽ ഈ കടുവ വെറും 650 കിലോമീറ്റർ മാത്രമാണ് സഞ്ചരിച്ചത്. സാധരണ കടുവകൾ നിശ്ചിത ദൂരപരിധിക്കുള്ളിൽ മാത്രമാണ് സഞ്ചരിക്കാറുള്ളത്. എന്നാൽ ഇരയുടെ ദൗർലഭ്യം കാരണം മറ്റു കടുവകളും ഇത്തരത്തിൽ സഞ്ചരിക്കാറുണ്ടാവാം എന്നാണ് ഗവേഷകരുടെ അനുമാനം.