Tirupati Stampede Reason: ടിക്കറ്റ് വിതരണം ആരംഭിക്കേണ്ടത് ഇന്ന് പുലര്‍ച്ചെ മുതല്‍, മണിക്കൂറുകള്‍ക്കു മുന്‍പേ ഭക്തരുടെ നീണ്ട നിര; തിരുപ്പതി അപകടത്തിനു കാരണം ഇതാണ്
ജനുവരി ഒന്‍പത് വ്യാഴാഴ്ച (ഇന്ന്) രാവിലെ അഞ്ച് മുതല്‍ ടിക്കറ്റ് വിതരണം ആരംഭിക്കാനായിരുന്നു തീരുമാനം
Tirupati Stampede Reason: തിരുപ്പതി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് ആറ് പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി കൂപ്പണ്‍ വിതരണ കേന്ദ്രത്തിലാണ് അസാധാരണമായ തിക്കും തിരക്കും അനുഭവപ്പെട്ടത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. ദര്‍ശനത്തിനുള്ള ടിക്കറ്റ് ലഭിക്കാന്‍ വേണ്ടി ഭക്തര്‍ തിരക്ക് കൂട്ടിയതാണ് അപകട കാരണം.
തീര്‍ത്ഥാടകര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ 90 ടിക്കറ്റ് കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. ജനുവരി 10 മുതല്‍ തുടര്‍ച്ചയായ പത്ത് ദിവസമാണ് വൈകുണ്ഠ ഏകാദശി ദര്‍ശനത്തിനു സൗകര്യമുള്ളത്. ജനുവരി 10 മുതല്‍ 12 വരെയുള്ള ദിവസങ്ങളിലേക്ക് 1,20,000 ടിക്കറ്റുകള്‍ വിതരണം ചെയ്യാനായിരുന്നു ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം.
ജനുവരി ഒന്‍പത് വ്യാഴാഴ്ച (ഇന്ന്) രാവിലെ അഞ്ച് മുതല്‍ ടിക്കറ്റ് വിതരണം ആരംഭിക്കാനായിരുന്നു തീരുമാനം. ഇതിനായി ബുധനാഴ്ച വൈകിട്ട് മുതല്‍ തന്നെ തീര്‍ത്ഥാടകരുടെ നീണ്ട നിര രൂപപ്പെട്ടു. വിഷ്ണു നിവാസം ക്ഷേത്രത്തിനു സമീപത്തായി സ്ഥാപിച്ച ടിക്കറ്റ് കൗണ്ടറിലാണ് സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായത്. ആയിരകണക്കിനു ഭക്തരാണ് ഇവിടെ തമ്പടിച്ചിരുന്നത്. വരിയില്‍ നില്‍ക്കുന്ന ഒരു സ്ത്രീക്ക് ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടപ്പോള്‍ ടിക്കറ്റ് കൗണ്ടറില്‍ ഉണ്ടായിരുന്ന കമ്മിറ്റിക്കാരില്‍ ഒരാള്‍ താല്‍ക്കാലിക ഗേറ്റ് തുറന്ന് ആള്‍ക്കൂട്ടത്തിലേക്ക് വരാന്‍ ശ്രമിച്ചു. ഈ സമയത്ത് വരിയില്‍ നില്‍ക്കുകയായിരുന്ന ഭക്തര്‍ താല്‍ക്കാലിക ഗേറ്റ് വഴി ഉള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു. ഇതാണ് വലിയ തോതിലുള്ള തിക്കും തിരക്കും ഉണ്ടാകാന്‍ കാരണമായത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രം. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് തിരുപ്പതി ക്ഷേത്രം സന്ദര്‍ശിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിനു ഭക്തരാണ് ഈ ദിവസങ്ങളില്‍ തിരുപ്പതി ദര്‍ശനത്തിനായി എത്തിയത്.