പാമ്പൻ ദ്വീപിനെയും രാമശ്വരത്തെയും ബന്ധിപ്പിച്ചുകൊണ്ട് ബ്രീട്ടീഷ് സർക്കാർ 1914ൽ നിർമിച്ച് പാമ്പൻ പാലം ഇനി ചരിത്രസ്മാരകം. പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം പൂർണമായി നിർത്തിവെയ്ക്കുന്നതായി ദക്ഷിണറെയിൽവേ അറിയിച്ചു. പുതിയ പാലത്തിൻ്റെ പണി പൂർത്തിയാക്കിയ ശേഷമാകും ഇവിടെ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കുക.
കാലാവസ്ഥ മോശമായതും അപകടസാധ്യത കൂടുതലാണെന്നതും കണക്കിലെടുത്ത് ഡിസംബർ 23ന് ഇത് വഴിയുള്ള ട്രെയിൻ ഗതാഗതം താത്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് അറ്റകുറ്റ പണിക്കിടെ പലതവണ ഗതാഗത നിയന്ത്രണം നീട്ടിയിരുന്നു.വെള്ളിയാഴ്ചയാണ് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായും നിർത്തികൊണ്ടുള്ള ഉത്തരവ് റെയിൽവേ ഇറക്കിയത്. പുതിയ പാലം വരുന്നത് വരെ രാമേശ്വരത്തേക്കുള്ള ട്രെയിനുകൾ മണ്ഡപം സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കും.