ഡൽഹി: കൊവിഡിനെ ചെറുക്കുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പരാജയമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ട്രംപ് തിരിച്ചടി നേരിടുന്ന ഘട്ടത്തിലാണ് ട്രംപിനീതിരായ പരാമർശവുമായി ബിജെപി ദേശീയ അധ്യക്ഷൻ തന്നെ രംഗത്തെത്തിയിരിയ്ക്കുന്നത്. ബിഹാറിലെ ദർഭംഗയിൽ നടന്ന തെരെഞ്ഞെടുപ്പ് സമ്മേളനത്തിലാണ് നഡ്ഡയുടെ പ്രതികരണം.
'കൊവിഡിനെ വേണ്ടവിധം കൈകാര്യം ചെയ്യാൻ ട്രംപിന് സാധിച്ചില്ല എന്ന വിമർശനങ്ങളാണ് ഉയരുന്നത്. എന്നാൽ ശരിയായ തീരുമാനങ്ങളിലൂടെ മോദിജി ഇന്ത്യയിലെ 130 കോടി ജനങ്ങളെ രക്ഷിച്ചു' എന്നായിരുന്നു ജെപി നഡ്ഡയുടെ പ്രതികരണം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും നഡ്ഡ വിമർശിച്ചു. 'മോദിയെ വിമർശിയ്ക്കാനുള്ള ശ്രമത്തിൽ രാജ്യത്തിന്റെ ദേശീയ താൽപര്യത്തെയാണ് എതിർക്കുന്നത്ത് എന്ന് രാഹുൽ ഗാന്ധി തിരിച്ചറിയുന്നില്ല' എന്നായിരുന്നു വിമർശനം.