വിവാദനായകനും സ്വയംപ്രഖ്യാപിത ആള്‍ദൈവവുമായ സ്വാമി നിത്യാനന്ദ മരിച്ചതായി അഭ്യൂഹം. നിത്യാനന്ദയുടെ അനുയായിയും സഹോദരിയുടെ മകനുമായ സുന്ദരേശ്വരനാണ് ഈ കാര്യം ആദ്യമായി അറിയിച്ചത്. അനുയായികളുമായുള്ള ഒരു വീഡിയോ കോണ്‍ഫറന്‍സില്‍ വെച്ചായിരുന്നു വെളിപ്പെടുത്തിയത്. , സനാതന ധര്‍മം സ്ഥാപിക്കാന്‍ പോരാടിയ നിത്യാനന്ദ 'ജീവത്യാഗം' (സ്വയം മരണം തിരഞ്ഞെടുക്കല്‍) ചെയ്തുവെന്നാണ് അവകാശം. നിത്യാനന്ദയുടെ ആത്മീയ സന്ദേശം തുടരുമെന്നും, അദ്ദേഹത്തിന്റെ മിഷന്‍ ഇനിയും പൂര്‍ത്തിയാകണമെന്നും സുന്ദരേശ്വരന്‍ പറഞ്ഞു.
എന്നാല്‍, നിത്യാനന്ദ മരിച്ചുവെന്ന വാര്‍ത്തയെ അദ്ദേഹത്തിന്റെ അടുത്ത സര്‍ക്കിളുകള്‍ നിഷേധിക്കുന്നുണ്ട്. അദ്ദേഹം ജീവനോടെയുണ്ടെന്നും ഈ വാര്‍ത്ത തെറ്റാണെന്നും അവര്‍ പറയുന്നു. ഇത് ഒരു വ്യാജവാര്‍ത്തയാകാം അല്ലെങ്കില്‍ നിത്യാനന്ദയുടെ അനുയായികള്‍ക്കിടയില്‍ ഉള്ള ആഭ്യന്തര കലഹത്തിന്റെ ഭാഗമാകാമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ ജനിച്ച നിത്യാനന്ദ തനിക്ക് ദിവ്യമായ കഴിവുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ടാണ് വലിയ തോതില്‍ ഭക്തരെ ആകര്‍ഷിച്ചത്. ഇന്ത്യയിലും വിദേശത്തുമായി നിരവധി ആശ്രമങ്ങള്‍ കെട്ടിപ്പടുത്ത് പ്രശസ്തിയുടെ പടുകോടിയില്‍ നില്‍ക്കുമ്പോള്‍ 2010ല്‍ തമിഴ് നടിക്കൊപ്പമുള്ള നിത്യാനന്ദയുടെ അശ്ലീല വീഡിയോ പുറത്തുവന്നിരുന്നു. ഇതിനിടെ ആശ്രമം കേന്ദ്രീകരിച്ച് ബലാത്സംഗങ്ങളും ലൈംഗീകചൂഷണവും നടക്കുന്നതായുള്ള ആരോപണങ്ങളും വന്നതോടെയാണ് നിത്യാനന്ദ ഇന്ത്യ വിട്ടത്.
തുടര്‍ന്ന് ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിന് സമീപത്തുള്ള ദ്വീപുകളിലൊന്ന് വാങ്ങി കൈലാസ എന്ന പേരില്‍ രാജ്യമുണ്ടാക്കി അവിടേയ്ക്ക് നിത്യാനന്ദ തന്റെ പ്രവര്‍ത്തനങ്ങള്‍ മാറ്റിയിരുന്നു. ലോകത്തിലെ ഏക പരമാധികാര ഹിന്ദു രാഷ്ട്രമാണ് കൈലാസ എന്നായിരുന്നു നിത്യാനന്ദ അവകാശപ്പെട്ടിരുന്നത്. ഇതിനിടെയാണ് നിത്യാനന്ദ മരണപ്പെട്ടുവെന്ന വാര്‍ത്ത പ്രചരിക്കുന്നത്.