സംസ്ഥാനത്ത് ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കാനാണ് ഹത്രാസിൽ അക്രമത്തിൽ മരിച്ച പെൺകുട്ടിയുടെ സംസ്‌കാരം രാത്രിയിൽ തന്നെ നടത്തിയതെന്ന വാദവുമായി ഉത്തർ പ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ. വൻ തോതിൽ അക്രമങ്ങൾ നടക്കാൻ സാധ്യതയുണെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നെന്നും സുപ്രീം കോടതിയിൽ യുപി സർക്കാർ സംർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറയുന്നു.
സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജിയിലാണ് സർക്കാരിന്റെ സത്യവാങ്‌മൂലം. ബാബറി മസ്‌ജിദ് പൊളിച്ച കേസിൽ തലേ ദിവസം വിധി വന്നതിനാൽ ജില്ല അതീവ ജാഗ്രതയിലായിരുന്നുവെന്ന് സത്യവാങ്‌മൂലത്തിൽ പറയുന്നു. ഇതിന് പിന്നാലെയാണ് അക്രമങ്ങൾ നടക്കാൻ സാധ്യതയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചത്. ഹത്രാസിലെ സംഭവം സാമുദായിക സംഘർഷത്തിന് ഉപയോഗിക്കപ്പെടാൻ ഇടയുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ ചൂണ്ടിക്കാട്ടിയതായും റിപ്പോർട്ടിൽ പറയുന്നു.