ചെടികള്‍ തിന്നതിന് കഴുതകളെ അറസ്റ്റ് ചെയ്ത് പൊലീസ് - സംഭവം നടന്നത് യോഗിയുടെ യുപിയില്‍
അഞ്ചുലക്ഷത്തോളം വിലയുളള ചെടികള്‍ തിന്ന കഴുതകളെ അറസ്റ്റ് ചെയ്ത് തടവിലാക്കി യു.പി പൊലീസ്
ചെടികള്‍ തിന്ന കുറ്റത്തിന് കഴുതകളെ തടവിലാക്കി യോഗിയുടെ പൊലീസ്. ഉത്തര്‍പ്രദേശിലെ ജലൗണ്‍ ജില്ലയിലാണ് സംഭവം നടന്നത്. ജയിലിനു പുറത്ത് നട്ടുവളര്‍ത്തിയ അഞ്ചുലക്ഷത്തോളം രൂപ വിലയുളള ചെടികള്‍ തിന്ന കുറ്റത്തിനാണ് കഴുതകളെ അറസ്റ്റ് ചെയ്തത്.
ജയിലിനുള്ളില്‍ നടുന്നതിനുവേണ്ടി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ആര്‍ കെ മിശ്ര ശേഖരിച്ചിരുന്ന വിലകൂടിയ ചെടികളാണ് കഴുതകള്‍ ഭക്ഷണമാക്കിയത്. ഇതേത്തുടര്‍ന്ന് കഴുതകളുടെ ഉടമസ്ഥനും ഉറായ് സ്വദേശിയുമായ കമലേഷിനെ പൊലീസ് താക്കീത് ചെയ്തിരുന്നു. അതിനുശേഷവും കഴുതകളെ പുറത്ത് വിട്ടതിനായിരുന്നു അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
നാല് ദിവസത്തോളമാണ് ജയിലിനുള്ളില്‍ കഴുതകളെ തടവില്‍ വെച്ചത്. ഇതേത്തുടര്‍ന്ന് അവയുടെ ഉടമസ്ഥനായ കമലേഷ് കഴുതകളുടെ മോചനം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ കഴുതകളെ മോചിപ്പിക്കാന്‍ പൊലീസ് തയ്യാറായില്ല. പിന്നീട് ചില പ്രാദേശിക നേതാക്കള്‍ ഇടപെടല്‍ മൂലമാണ് കഴുതകളെ മോചിപ്പിച്ചത്.