ഗുരുഗ്രാം: ഐസിയുവിൽ ചികിത്സയിൽ കഴിയവെ ആശുപത്രി ജീവനക്കാർ ബലാത്സംഗം ചെയ്തു എന്ന് പരാതി നൽകിയ യുവതി ബോധം വന്നതോടെ മൊഴി മാറ്റി. ഗുരുഗ്രാമിലെ സ്വകര്യ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ഐസിയുവിൽ ചികിത്സയിൽ കഴിയവെ ആശുപത്രി ജീവനക്കാർ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി ചൂണ്ടിക്കാട്ടി 21 കാരിയുടെ ബന്ധുകൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ഒക്ടോബർ 24 മുതൽ 30 വരെ വെന്റിലേറ്ററിലായിരുന്ന യുവതിയ്ക്ക് വെള്ളിയാഴ്ച ബോധം വന്നതോടെ ബന്ധുക്കൾ നൽകിയ പരാതി യുവതി നിഷേധിയ്ക്കുകയായിരുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധന നടത്തിയതോടെ പരാതിയിൽ കഴമ്പിലെന്ന് പൊലീസിന് ബോധ്യപ്പെട്ടിരുന്നു. ആംഗ്യങ്ങളിലൂടെയും വ്യക്തമല്ലാത്ത വാക്കുകളിലൂടെയുമാണ് പീഡനത്തിനിരയായതായി യുവതി പിതാവിനെ അറിയിച്ചത് എന്നും ഈ സമയം യുവതി പൂർണ ബോധാവസ്ഥയിലായിരുന്നില്ല എന്നും പൊലിസ് വ്യക്തമാക്കി.