മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക
റാണയെ ഇന്ത്യയ്ക്ക് കൈമാറിയെന്ന് യുഎസ് അറിയിച്ചു.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളായ തഹാവൂര്‍ റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറി. തഹാവൂര്‍ റാണയുമായി ഉദ്യോഗസ്ഥര്‍ ഇന്ന് ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. റാണയെ ഇന്ത്യയ്ക്ക് കൈമാറിയെന്ന് യുഎസ് അറിയിച്ചു. തന്നെ ഇന്ത്യയ്ക്ക് കൈമാറുന്നത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള തഹാവൂര്‍ റാണയുടെ ഹര്‍ജി യുഎസ് സുപ്രീംകോടതി തളളിയതിനുപിന്നാലെയാണ് ഇന്ത്യ നടപടികള്‍ വേഗത്തിലാക്കിയത്.
പ്രത്യേക വിമാനത്തിലാണ് ഇയാളെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. തിഹാര്‍ ജയിലില്‍ റാണയെ പാര്‍പ്പിക്കാനുളള സൗകര്യമൊരുക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേരിട്ടുളള നിരീക്ഷണത്തിലാണ് നീക്കം.
പാകിസ്താൻ വംശജനും കനേഡിയന്‍ പൗരനുമായ തഹാവൂര്‍ റാണ ലൊസാഞ്ചല്‍സിലെ തടങ്കല്‍ കേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നത്. അസുഖബാധിതനായ തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്നും ഇന്ത്യയിലെത്തിയാല്‍ താന്‍ മതത്തിന്റെ പേരില്‍ പീഡനത്തിനിരയാകുമെന്നും കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും റാണ യുഎസ് സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. 2008 നവംബറില്‍ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരില്‍ ഒരാളായ പാക്-യുഎസ് ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി റാണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.