ജയലളിതയുടെ പിന്‍ഗാമി ഇവരോ ?; തമിഴ് വികാരം നിര്‍ണായകം
ജയലളിതയുടെ പിന്‍ഗാമി അമ്മയുടെ കരുത്തായിരുന്നു; അവര്‍ ഇനി തമിഴകത്തിന്റെ കാവലാളോ ?
തമിഴകമെന്നാല്‍ ദ്രാവിഡ വികാരത്തിനൊപ്പം ഭാഷാസ്‌നേഹം സമന്വയിച്ച തീവ്രവികാരമുള്ള ഒരു വലിയ സമൂഹമാണ്. സമ്പൂര്‍ണ്ണ വിധേയത്വം ആവശ്യപ്പെടുകയും അത് പിടിച്ചു വാങ്ങുകയും ചെയ്യുന്ന ഏകാധിപത്യ പ്രവണതയുള്ള അധികാരികള്‍ മാറി മാറിവന്ന മണ്ണ് കൂടിയാണ് തമിഴ്‌നാട്. സിനിമയും ഭ്രാന്തമായ രാഷ്‌ട്രീയവും തലയ്‌ക്ക് പിടിച്ച തമിഴ് ജനതയ്‌ക്ക് ജയലളിത എന്ന നേതാവിന്റെ വിയോഗം ഉള്‍കൊള്ളാന്‍ സാധിക്കില്ല.
തമിഴകത്തിന്റെ രക്ഷകയായും കണ്‍കണ്ട ദൈവമായും ഒരു വലിയ സമൂഹം ആരാധിച്ചിരുന്ന ജയലളിത ഇന്നില്ല. അമ്മയുടെ വേര്‍പാട് തമിഴ്‌നാടിന് മുന്നില്‍ നൂറ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ദ്രാവിഡ രാഷ്ട്രീയത്തിലുമുള്ള ചലനങ്ങള്‍ കരുതലോടെ നിരീക്ഷിക്കുന്നവര്‍ക്ക് മുന്നില്‍ ഇവര്‍ക്ക് പലതും തെളിയിക്കേണ്ടതുള്ളതിനാല്‍ ശക്തമായ ഒരു നേതാവിനെ ഇവര്‍ക്ക് കണ്ടത്തേണ്ടതുണ്ട്.
തമിഴ് സിനിമാലോകം തീർക്കുന്ന മായികലോകത്ത് താരങ്ങൾക്ക് ദൈവങ്ങൾക്കൊപ്പം സ്ഥാനമുണ്ട്. അണ്ണാദുരൈയുടെയും എംജി ആറിന്റെയും കാലശേഷം ജയലളിത സിനിമ വിട്ട് രാഷ്‌ട്രീയത്തിലേക്ക് എത്തിയതോടെ അധികാരവും ഏകാധിപത്യ പ്രവണതയും കൂടുതൽ ശക്തമായി എന്നു പറയുന്നതാകും സത്യം. തമിഴ് രാഷ്‌ട്രീയത്തില്‍ പിച്ചവച്ച നാളുകളില്‍ ജയയുടെ കൈപിടിച്ച് മുന്നോട്ടു നയിക്കാന്‍ എംജിആര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ന് ഒ പനീര്‍ സെല്‍വമെന്ന ശാന്തസ്വഭാവക്കാരനായ നേതാവ് തനിച്ചാണ്. ഇവിടെ നിന്നാണ് ഒരുപാട് ചോദ്യങ്ങള്‍ ഉയരുന്നതും.
അണ്ണാ ഡിഎംകെ പാര്‍ട്ടിക്ക് ഇപ്പോള്‍ ചിഹ്‌നം മാത്രമെ ഉള്ളുവെന്ന് മുന്നില്‍ നിന്ന് നയിക്കാന്‍ ആരുമില്ലെന്ന പാര്‍ട്ടിയില്‍ തന്നെ സംസാരം ശക്തമായ സാഹചര്യത്തിലാണ് ദ്രാവിഡ രാഷ്‌ട്രീയത്തില്‍ പൊളിച്ചെഴ്‌ത്തുണ്ടാകുമെന്ന് വ്യക്തമായത്. ജയലളിതയുടെ തോഴിയും പാര്‍ട്ടിയിലെ സമാന്തര ശക്തി കേന്ദ്രവുമായ ശശികല നടരാജന്‍ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി സ്‌ഥാനത്തേക്കു വരുമെന്നാണ് തമിഴ്‌നാട്ടില്‍ നിന്നു ലഭിക്കുന്ന സൂചന.
ജയ ഉണ്ടായിരുന്നപ്പോള്‍ പാര്‍ട്ടിയിലെ രണ്ടാമത്തെ ശക്‍തികേന്ദ്രമായ ശശികല ഒന്നാമനാകാനുള്ള സാധ്യത വളരെ വലുതാണ്. അതിനുള്ള മരുന്നുകള്‍ ശശികല വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പാര്‍ട്ടിയില്‍ കുത്തിവച്ചിരുന്നു. ജയലളിത എന്ന അതിശക്ത ഓര്‍മ്മയായ തമിഴ്‌നാട്ടില്‍ പനീര്‍ സെല്‍വത്തെ മുന്നിൽ നിർത്തി ഭരണചക്രം നിയന്ത്രിക്കാന്‍ അവര്‍ക്കാകും. ജയലളിതയോടുള്ള വിധേയത്വം പാര്‍ട്ടി അംഗങ്ങള്‍ക്ക് ശശികലയോടുമുണ്ടെന്നതിനാല്‍ അവരുടെ നീക്കങ്ങള്‍ വിജയിക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല.
പനീര്‍ സെല്‍വത്തിന് ശശികലയോട് അടുത്ത ബന്ധമാണുള്ളത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ നയിച്ചതുവരെ ശശികലയായിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനം സ്വാഭാവികമായും മുഖ്യമന്ത്രി ഒ പനീര്‍ സെല്‍വത്തിലേക്കാണ് വന്നെത്തേണ്ടത്. എംജി ആറിന്റെ കാലം മുതല്‍ അങ്ങനെയാണ് തുടര്‍ന്നു പോന്നിരുന്നത്. ജയലളിതയും അതേ പാതയിലാണ് സഞ്ചരിച്ചത്. എന്നാല്‍ ജയയുടെ മരണത്തിന് ശേഷം ജനറല്‍ സെക്രട്ടറി എന്ന പ്രമുഖ സ്ഥാനം സ്വന്തമാക്കാന്‍ ശശികല ശ്രമിക്കുമ്പോള്‍ തന്നെ തമിഴ് രാഷ്‌ട്രീയത്തില്‍ മാറ്റം വരുമെന്ന് വ്യക്തമാണ്.
ജയലളിതയോട് മാത്രമല്ല ശശികലയോടും സമ്പൂര്‍ണ്ണ വിധേയത്വം പുലര്‍ത്തുന്ന പനീര്‍ സെല്‍വത്തിനെ അപ്രസക്‍തമാക്കാന്‍ എളുപ്പമാണ്. പനീര്‍ സെല്‍വത്തിന് ശശികലയോടുള്ള വിധേയത്വത്തിന് പിന്നിലും സംഭവവികാസങ്ങളുണ്ട്. കേസുകളില്‍ അകപ്പെട്ട് 2001ല്‍ ജയലളിത മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറി നിന്നപ്പോള്‍ മറ്റ് അഭിപ്രായങ്ങളെ തള്ളി പനീര്‍ സെല്‍വത്തെ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് എത്തിച്ചത് ശശികലയായിരുന്നു. തേവര്‍ സമുദായത്തെ ഒപ്പം നിര്‍ത്താനുള്ള നീക്കമായിട്ടാണ് പലരും ഈ നീക്കത്തെ കണ്ടതെങ്കിലും ജയലളിത പോലും ശ്രദ്ധിക്കാത്ത ഒരു തന്ത്രം കൂടിയായിരുന്നു.
പിന്‍ഗാമിയെ വളര്‍ത്തികൊണ്ടുവരാതിരുന്ന ജയലളിതയുടെ നീക്കത്തെ അപ്രസക്‍തമാക്കി ശശികല തന്റെ ഇഷ്‌ടക്കാരനായ പനീര്‍ സെല്‍വത്തെ വളര്‍ത്തികൊണ്ടുവരുകയായിരുന്നു. സ്വന്തക്കാരും അടുപ്പക്കാരും ഇല്ലാതിരുന്ന കാലത്ത് ഒപ്പമുണ്ടായിരുന്ന ശശികല പോയസ് ഗാര്‍ഡനിലെ സമാന്തര അധികാര കേന്ദ്രമായിരുന്നു. ഒരിക്കലും അവരെ തന്റെ ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ തമിഴ്‌നാടിന്റെ പ്രീയ പുത്രിക്കായില്ല. ജയ കാണുന്നതിന് മുമ്പു തന്നെ പല നിര്‍ണായക ഫയലുകളും കണ്ടിരുന്നതും നടപടികള്‍ സ്വീകരിച്ചിരുന്നതും ശശികലയായിരുന്നു. നിരവധി ഫയലുകള്‍ ജയലളിതയുടെ മുന്നില്‍ എത്താതിരിന്നപ്പോള്‍ അതില്‍ തീര്‍പ്പ് കല്‍പ്പിച്ചിരുന്നത് ഇവരായിരുന്നു.
അനധികൃത സ്വത്ത് സമ്പാദനത്തില്‍ ശശികലയുടെ ബന്ധുക്കളെ വിജിലന്‍സ് പിടികൂടിയപ്പോള്‍ ഉറ്റവരെ ഉപേക്ഷിച്ച് ശശികല ജയലളിതയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്നു. എനിക്ക് അമ്മയാണ് വലുതെന്ന് പരസ്യമായി പറയാനും ഇവര്‍ക്ക് മടിയില്ലായിരുന്നു. സിനിമയില്‍ നിന്ന് രാഷ്‌ട്രീയത്തില്‍ എത്തിയപ്പോഴും എംജിആറിന്റെ മരണത്തോടെ ഒറ്റപ്പെട്ടപ്പോഴും
ശശികല എന്നും കൂടെയുണ്ടായിരുന്നു. കേസുകളില്‍ ആരോപണങ്ങള്‍ ശക്തമായപ്പോഴും അവര്‍ തന്നെയായിരുന്നു ജയയ്‌ക്ക് കരുത്തായിരുന്നത്.
ഈ സാഹചര്യങ്ങളിലൂടെ കടന്നുവന്ന ശശികല തന്നെ ജയലളിതയുടെ പിന്‍ഗാമിയാകാനാണ് സാധ്യത. തമിഴ് രാഷ്‌ട്രീയത്തിലേക്ക് കുതിച്ചു ചാടാന്‍ കണ്ണും നട്ടിരിക്കുന്ന ബിജെപിയടക്കമുള്ള പാര്‍ട്ടികള്‍ക്ക് നേരിടേണ്ട ഏറ്റവും വലിയ പ്രശ്‌നമെന്നത് ദ്രാവിഡ വികാരമാണ്. മറ്റ് ഭാഷകളെയും സംസ്‌കാരത്തെയും അംഗീകരിക്കാത്ത തമിഴ്‌മക്കളെ മുന്നോട്ടു കൊണ്ടു പോകണമെങ്കില്‍ തമിഴ് വികാരത്തില്‍ വിള്ളലുണ്ടാക്കണം. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ ജയയെ പോലെ ശക്തയായ ഒരു നേതാവിനെ തമിഴ്‌നാട് കണ്ടെത്തണം. അല്ലാത്ത പക്ഷം തമിഴ്‌രാഷ്‌ട്രീയം ഇളകിമറിയുകയും വിള്ളലുകള്‍ ഉണ്ടാകുകയും ചെയ്യുമെന്നതില്‍ സംശയിക്കേണ്ടതില്ല.