Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബൈക്ക് മോഷണവുമായി തുടങ്ങി ബിജെപി എം പി വരെ, ആരാണ് ബാഹുബലി നേതാ എന്നറിയപ്പെടുന്ന ബ്രിജ് ഭൂഷൺ ശരൺസിംഗ്

ബൈക്ക് മോഷണവുമായി തുടങ്ങി ബിജെപി എം പി വരെ, ആരാണ് ബാഹുബലി നേതാ എന്നറിയപ്പെടുന്ന ബ്രിജ് ഭൂഷൺ ശരൺസിംഗ്
, ബുധന്‍, 31 മെയ് 2023 (19:08 IST)
ഇന്ത്യയുടെ രാഷ്ട്രീയമണ്ഡലത്തെ തന്നെ ചൂട് പിടിപ്പിച്ചിരിക്കുകയാണ് ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായ ബിജെപി എം പി ബ്രിജ് ഭൂഷണ്‍ ശരണ്‍സിംഗിനെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം. സമരം ഒരു മാസത്തിലേറെയായി തുടരുമ്പോഴും പോക്‌സോ കേസ് അടക്കമുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്ന ബ്രിജ്ഭൂഷണെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ പോലീസ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറായിട്ടില്ല. എന്താണ് ബ്രിജ് ഭൂഷണെ ആര്‍ക്കും തൊടാനാവാത്ത വ്യക്തിയായി മാറ്റുന്നത് എന്ന് നോക്കാം.
 
1957ല്‍ ഉത്തര്‍പ്രദേശിലെ ഒരു രാജ്പുത് കുടുംബത്തിലായിരുന്നു ബ്രിജ്ഭൂഷന്റെ ജനനം. അവധ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമം പഠിച്ച ബ്രിജ് ഭൂഷന്‍ പിന്നീട് ബൈക്കുകള്‍ മോഷ്ടിച്ച് തുടങ്ങി മദ്യമാഫിയയുടെ പ്രധാനിയായി വളരുകയുമായിരുന്നു. നിരവധി ഗുസ്തി ടൂര്‍ണമെന്റുകളിലെല്ലാം ഈ കാലയളവില്‍ ബ്രിജ് ഭൂഷണ്‍ പങ്കെടുത്തിരുന്നു. കോളേജ് വിദ്യാഭ്യാസക്കാലത്തുണ്ടായിരുന്നു രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഫലമായി 1988ല്‍ ബിജെപിയില്‍ ചേരുന്നതോടെയാണ് ഉത്തര്‍പ്രദേശിലെ കരുത്തനായ നേതാവിലേക്കുള്ള ബ്രിജ് ഭൂഷണിന്റെ വളര്‍ച്ച ആരംഭിക്കുന്നത്.

webdunia
 
1988ല്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന ബ്രിജ് ഭൂഷണ്‍ രാം ജന്മഭൂമി പ്രശ്‌നത്തോടെയും ബാബ്‌റി മസ്ജിദ് തകര്‍ത്ത സംഭവത്തിലെ പ്രധാനപ്രതിയെന്ന നിലയിലാണ് രാഷ്ട്രീയത്തില്‍ വളരുന്നത്. 1992ല്‍ ലാല്‍ കൃഷ്ണ അധ്വാനിക്കൊപ്പം ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രധാനപ്രതിയായി. 1996ല്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ ആളുകള്‍ക്ക് ഒളിക്കാന്‍ സഹായം ചെയ്ത് കൊടുത്തതോടെ വിവിധ വകുപ്പുകളിലുള്ള കേസുകള്‍ ബ്രിജ് ഭൂഷണിന്റെ പേരില്‍ എഴുതിചേര്‍ക്കപ്പെട്ടു. കുറച്ച് മാസങ്ങള്‍ ഈ കാലയളവില്‍ ജയിലിലും കിടക്കേണ്ടി വന്നു. ഈ കാലയളവില്‍ ബ്രിജ് ഭൂഷന്റെ ഭാര്യയായ കേതകി ദേവി സിംഗായിരുന്നു ബ്രിജ് ഭൂഷന്റെ മണ്ഡലത്തെ പ്രതിനിധീകരിച്ച് എം പിയായത്.
 
2004ൽ ബിജെപിയുടെ ഗോണ്ട ലോക്‌സഭാ മണ്ഡലത്തിലെ നോമിനി മരണപ്പെട്ട കേസില്‍ ബ്രിജ് ഭൂഷണെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ഇത്. തുടര്‍ന്ന് ബ്രിജ് ഭൂഷണ്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ഭാഗമായി. എങ്കിലും 2009ല്‍ ബ്രിജ് ഭൂഷണ്‍ തന്നെ മണ്ഡലത്തിലെ എം പിയായി വീണ്ടും തിരെഞ്ഞെടുക്കപ്പെട്ടു. ഇതിനിടയില്‍ 2011ലാണ് ബ്രിജ്ഭൂഷണ്‍ ഗുസ്തി ഫെഡറേഷന്റെ അധ്യക്ഷനാകുന്നത്. 2014 നരേന്ദ്രമോദി തരംഗം രാജ്യമാകെ ആഞ്ഞടിച്ചപ്പോള്‍ ബ്രിജ് ഭൂഷണ്‍ വീണ്ടും ബിജെപിയിലെത്തുകയായിരുന്നു.

webdunia
 
തുടര്‍ന്ന് ആരാലും ചോദ്യചെയ്യപ്പെടാനാവാത്ത ശക്തനായ നേതാവായി ബ്രിജ് ഭൂഷണ്‍ മാറുകയായിരുന്നു. 2021ല്‍ അണ്ടര്‍ 15 വിഭാഗത്തിലുള്ള ഒരു ഗുസ്തി താരത്തെ പരസ്യമായി വേദിയില്‍ വെച്ച് ബ്രിജ് ഭൂഷണ്‍ തല്ലുകയും തുടര്‍ന്ന് ഈ വിഷയത്തില്‍ ബ്രിജ് ഭൂഷണ്‍ മാപ്പ് പറയുക വരെയും ഉണ്ടായി. ഇതിനിടെ ഒരു അഭിമുഖത്തിനിടെ തന്റെ സുഹൃത്തിന്റെ മരണത്തിന് കാരണക്കാരായവരെ താന്‍ കൊന്ന് കളഞ്ഞതായി പരസ്യമായി പറഞ്ഞത് വലിയ വിവാദം സൃഷ്ടിച്ചു. എങ്കിലും ഇതിന്റെ പേരിലും ബ്രിജ് ഭൂഷണെതിരെ കേസുകള്‍ ഉണ്ടായില്ല.
 
ഇതിനെല്ലാം ശേഷമാണ് ഗുസ്തിതാരങ്ങള്‍ പീഡനാരോപണവുമായി ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരെ സമരം തുടങ്ങിയത്. ബ്രിജ് ഭൂഷണിന്റെ പീഡനത്തിനിരയാവരില്‍ ഒരു മൈനര്‍ കൂടി ഉള്ളതിനാല്‍ പോക്‌സോ കേസടക്കം ഉണ്ടായിട്ടും ഈ വിഷയത്തില്‍ ബ്രിജ് ഭൂഷണെതിരെ ഒരു നടപടിയും ഉണ്ടായില്ല. 7 ഗുസ്തിതാരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ പീഡനാരോപണം ഉന്നയിച്ചത്. എന്നാല്‍ ഗുസ്തിതാരങ്ങളുടെ സമരം തന്റെയും പാര്‍ട്ടിയുടെയും ഇമേജ് നശിപ്പിക്കാനാണെന്നാണ് ബ്രിജ് ഭൂഷണ്‍ പ്രതികരിച്ചത്. പോക്‌സോ കേസുകള്‍ കെട്ടിച്ചമയ്ക്കപ്പെടുന്നതായി പറയുന്ന ബ്രിജ് ഭൂഷണ്‍ പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യവുമായി നിലവില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂൺ 10 മുതൽ ജൂലൈ 31 വരെ