മോദിക്ക് ഷോക്ക്, താമരയുടെ തണ്ടൊടിച്ച് കാവിക്കോട്ടയിലെ സൂത്രധാരന്‍ ബിജെപി വിട്ടു
മോദിക്ക് ഷോക്ക്, ബിജെപിക്ക് തന്ത്രമോതിയവന്‍ കൂടുവിട്ടു
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വിശകലന വിദഗ്ധനായിരുന്നു ശിവം ശങ്കർ സിംഗ്. ബിജെപിയുടെ നേതാക്കളുമായി വളരെ അടുത്തം ബന്ധം നിലനിർത്തിപ്പോന്ന ശിവം ശങ്കർ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ കുറിച്ച പോസ്‌റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
ആര്‍എസ്എസ് അനുകൂലമായ ഇന്ത്യ ഫൗണ്ടേഷനില്‍ റിസര്‍ച്ച് ഫെല്ലോ ആയിരുന്ന ശിവം ശങ്കര്‍ സിംഗ് 2013 മുതല്‍ ബിജെപിയുമായി ബന്ധപ്പെട്ട് സജീവമാണ്. താൻ എന്തുകൊണ്ടാണ് പാർട്ടി വിടുന്നതെന്നുള്ള കാര്യമാണ് പാർട്ടിയുടെ പ്രചരണ വിദഗ്ധനായ ശിവം ശങ്കർ പറയുന്നത്. എന്നാൽ ഈ കുറിപ്പ് അക്ഷരാർത്ഥത്തിൽ മോദിക്കും ബിജെപിക്കുമെതിരെയാണെന്നു തന്നെ പറയാം.
താൻ ബിജെപി വിടുകയാണെന്ന് പറയുന്ന അദ്ദേഹം അതിന്റെ കാരണങ്ങളും എന്തെല്ലാമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ബിജെപിയിൽ ജനാധിപത്യപരമായ അഭിപ്രായ പ്രകടനങ്ങൾ അവസാനിച്ചിരിക്കുന്നുവെന്നും അസത്യങ്ങളെ സത്യമായി പ്രചരിപ്പിക്കുകയും ഇത് പിടിക്കപ്പെട്ടാൽ കുറ്റബോധം പോലും പ്രകടിപ്പിക്കാൻ ആരും തയ്യാറാകുന്നില്ലെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
മോദി മുന്നോട്ടുവെച്ച വികസന അജണ്ടകളും പരിപാടികളും മൂലമാണ് ഞാൻ 2013 മുതൽ പോൾ കമ്പെയ്‌ന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇപ്പോൾ മോദിയുടെയും അമിത്‌ഷായുടെയും നേതൃത്വത്തിൽ ബിജെപി ഈ അജണ്ടയിൽ നിന്ന് വഴിമാറിയിരിക്കുകയാണ്.
'തെരഞ്ഞെടുപ്പ് കരാർ അടിസ്ഥാനപരമായി അഴിമതിയെ നിയമവിധേയമാക്കുകയും നമ്മുടെ രാഷ്‌ട്രീയ പാർട്ടികളെ വിലയ്ക്കെടുക്കാൻ കോർപ്പറേറ്റുകളേയും വിദേശ ശക്തികളേയും അനുവദിക്കുകയും ചെയ്യുന്നു. വിവരശേഖരണത്തിന്റെ ഏറ്റവും പ്രധാന ഉറവിടമായ പ്ലാനിംഗ് കമ്മീഷൻ റിപ്പോർട്ടുകൾ, സർക്കാർ പദ്ധതികൾ എങ്ങനെ നടക്കുന്നുവെന്നത് ഓഡിറ്റ് ചെയ്യുന്നു. ഇത് ഇല്ലാതായതോടെ സർക്കാർ പറയുന്ന വിവരങ്ങൾ വിശ്വസിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നായി'- ശിവത്തിന്റെ കുറിപ്പിൽ ബിജെപിക്കെതിരായി ആദ്യം ഉന്നയിച്ച കാര്യങ്ങളാണിവ രണ്ടും.
ബിജെപിയുടെ നോട്ട് നിരോധനം വൻ പരാജയമായിരുന്നിട്ടും മോദി അതിനെ പിന്തുണക്കുക മാത്രമാണ് ചെയ്തത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥിതിയെ തകർക്കുമെന്നറിഞ്ഞിട്ടും മോദി സർക്കാർ തങ്ങളുടെ തെറ്റ് തിരുത്താൻ മുന്നോട്ടു വന്നില്ല. തീവ്രവാദത്തിനുള്ള ഫണ്ട് കുറയ്‌ക്കുക, അഴിമതി ഇല്ലാതാക്കുക, കറൻസി കുറയ്‌ക്കുക, തുടങ്ങിയ ലക്ഷ്യവുമായി മുന്നോട്ടുകൊണ്ടുവന്ന നോട്ട് നിരോധനം ഒന്നുംതൊടാതെ നിന്നു എന്നുതന്നെ പറയാം.
പദ്ധതികളുടെ നടത്തിപ്പിലെ പരാജയത്തെപറ്റിയും തൊഴിലില്ലായ്മയേക്കുറിച്ചും കര്‍ഷകർ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ശിവം കുറിപ്പിൽ എടുത്തുപറയുന്നു. കോണ്‍ഗ്രസ് ഭരണ കാലത്തെ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനകളെ ശക്തമായി എതിര്‍ത്തിരുന്നവര്‍ക്ക് ഇപ്പോഴത്തെ തീ വിലയില്‍ എന്ത് ന്യായീകരണമുണ്ടെന്നും ചോദിക്കുന്നു. കൂടാതെ, വേണ്ടത്ര തയ്യാറെടുപ്പുകൾ ഇല്ലാതെയാണ് മോദി സർക്കാർ ജിഎസ്‌ടി കൊണ്ടുവന്നത്. ചരക്ക് സേവന നികുതി(ജിഎസ്ടി) പെട്ടെന്ന് നടപ്പിലാക്കുകയും അത് ബിസിനസ്സുകളെ കാര്യമായ രീതിയിൽ തന്നെ ബാധിക്കുകയും ചെയ്‌തു. സങ്കീർണമായ ഘടന, വ്യത്യസ്‌ത ഇനങ്ങൾക്ക് വ്യത്യസ്‌ത നിരക്ക് തുടങ്ങിയവയെല്ലാം പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചു. ഭാവിയിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പറഞ്ഞാലും ജിഎസ്‌ടി സൃഷ്‌ടിച്ച ആഘാതത്തെക്കുറിച്ച് പറയാതിരിക്കാൻ വയ്യ.
കൂടാതെ അന്വേഷണ ഏജൻസികളായ സിബിഐയെയും എൻഫോഴ്‌സ്‌മെന്റിനേയും രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. വിദേശ നയം മറ്റൊരു പൂർണ്ണ പരാജയം. വളരെ തന്ത്രപൂർവ്വം കൂട്ടിക്കെട്ടിയ നയങ്ങൾ ദേശീയ തലത്തെ എങ്ങനെ ബധിച്ചു എന്നതാണ് ഈ ഗവൺമെന്റിന്റെ നെഗറ്റീവ്. ഇത് ഒരു പരാജയമല്ല, തന്ത്രമാണ്.
ഇതാണ് മീഡിയയുടെ വിശ്വാസം തകർത്തത്. എഴുപത് വർഷങ്ങൾകൊണ്ട് ഇന്ത്യയിൽ ഒന്നും സംഭവിച്ചില്ലെന്ന് കൊട്ടിഘോഷിക്കുന്നു. വ്യാജ വാർത്തകളെ ആശ്രയിക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഹിന്ദുക്കളും ഹിന്ദുയിസവും അപകടത്തിലാണെന്നും ആ അപകടം തരണം ചെയ്യാൻ മോദിക്ക് മാത്രമേ കഴിയുകയുള്ളൂവെന്ന് ആളുകളെ പറഞ്ഞ് വിശ്വസിപ്പിക്കുന്നു. ഗവൺമെന്റിനെതിരെ സംസാരിച്ചാൽ സംസാരിക്കുന്നവർ രാജ്യദ്രോഹിയും ഹിന്ദുവിരുദ്ധനുമാകുന്നു. ബിജെപി നേതാക്കളുടെ ഉടമസ്ഥാവകാശത്തിലുള്ള ചാനലുകൾ ഹിന്ദു-മുസ്‌ലിം, ദേശസ്‌നേഹി-വിരുദ്ധ, ഇന്ത്യ-പാകിസ്ഥാൻ തുടങ്ങിയ വിഷയങ്ങളിൽ മാത്രം ചർച്ചകൾ നടത്തുന്നു.
ഇവയൊക്കെ ചില ഉദാഹരണങ്ങൾ മാത്രമാണ്. ഒരുതരത്തിലും പിന്തുണയ്‌ക്കാനാകാത്ത കാര്യങ്ങളാണ് ഇവയൊക്കെ. അതുകൊണ്ടുതന്നെയാണ് ഞാൻ ബിജെപിയിൽ നിന്നും രാജിവയ്‌ക്കുന്നത്- ശിവം ശങ്കർ സിംഗ് പറഞ്ഞു.