തമിഴ്നാട്ടിൽ എ ഐ എ ഡി എം കെയുടെ കൊടിമരം മേലേക്ക് വീഴുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ യാത്രക്കാരിയെ ട്രക്ക് ഇടിച്ചു. 30കാരിയായ അനുരാധ രാജേശ്വരിക്കാണ് ദാരുണമായ സംഭവം നടന്നത്. ട്രക്കിന്റെ മുൻ വലത് ചക്രം സ്‌കൂട്ടർ ഓടിച്ചിരുന്ന അനുരാധയുടെ മുകളിലൂടെ കയറിയതിനെ തുടർന്ന് അവരുടെ രണ്ട് കാലുകളിലും ഗുരുതരമായ ഒടിവുകൾ സംഭവിച്ചു.
കോയമ്പത്തൂരിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. യുവതിയെ അടുത്തുള്ള ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ട്രക്ക് ഡ്രൈവർ അമിതവേഗതയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദധാരിയായ രാജേശ്വരി ഓഫീസിലേക്കുള്ള യാത്രയിലായിരുന്നു.
സെപ്റ്റംബറിൽ എഐഎഡിഎംകെ നേതാവ് സ്ഥാപിച്ച ഹോർഡിങ് വീണതിനെ തുടർന്ന് ട്രക്ക് ഇടിച്ച് സ്കൂട്ടർ ഓടിച്ചിരുന്ന യുവതിയായ ഐ ടി ജോലിക്കാരി മരണമടഞ്ഞിരുന്നു. ഈ സംഭവത്തിൽ വലിയ രീതിയിൽ ഉള്ള പൊതുജന പ്രതിഷേധം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കൊടിമരം വീണ് തിങ്കളാഴ്ച അപകടം ഉണ്ടായിരിക്കുന്നത്.