വെന്റിലേറ്ററില്‍ കിടന്ന സ്ത്രീയെ ബലാത്സംഗം ചെയ്തു; ഇടപെടാതെ നിശബ്ദരായി നോക്കിനിന്ന് നഴ്സുമാര്‍
സംഭവം നടന്ന ശേഷം യുവതി ഭര്‍ത്താവിനോട് പീഡനത്തെക്കുറിച്ച് അറിയിച്ചു
ഏപ്രില്‍ 5 ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ട്രെയിനി എയര്‍ ഹോസ്റ്റസാണ് ആരോപണവുമായി രംഗത്തെത്തിയത്. താന്‍ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) അര്‍ദ്ധബോധാവസ്ഥയില്‍ ആയിരിക്കുമ്പോള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായാണ് യുവതി പറയുന്നത്. സംഭവം നടന്ന ശേഷം യുവതി ഭര്‍ത്താവിനോട് പീഡനത്തെക്കുറിച്ച് അറിയിച്ചു. തുടര്‍ന്ന് നല്‍കിയ പരാതിയില്‍, തന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ അക്രമിയുടെ ആക്രമണങ്ങളെ ചെറുക്കാന്‍ കഴിഞ്ഞില്ലെന്നും യുവതി പറഞ്ഞു.
ആ സമയത്ത് രണ്ട് വനിതാ നഴ്സുമാര്‍ അവിടെയുണ്ടായിരുന്നുവെന്നും എന്നാല്‍ ഇടപെട്ടില്ലെന്നും അവര്‍ അവകാശപ്പെട്ടു. പരിശീലനത്തിനിടെ നീന്തല്‍ക്കുളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ഗുതതരാവസ്ഥയിലായ യുവതിയെ ആദ്യം ഒരു ചെറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 5 നാണ് അവരെ മേദാന്തയിലേക്ക് മാറ്റിയത്. അവിടെ ഒരു ആഴ്ചയിലേറെയായി വെന്റിലേറ്ററില്‍ കിടത്തുന്നത് ഉള്‍പ്പെടെയുള്ള അടിയന്തര ചികിത്സയ്ക്ക് വിധേയയാക്കിയതായാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 6 നാണ് ഒരു വാര്‍ഡ് ജീവനക്കാരന്‍ ബലാത്സംഗം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്നത്. എന്നാല്‍ ഈ വാര്‍ത്തയുടെ സത്യാവസ്ഥയെച്ചൊല്ലി ഇന്റര്‍നെറ്റില്‍ ഭിന്നതയുണ്ട്.
ആശുപത്രി ബില്ല് തര്‍ക്കവുമായി ബന്ധപ്പെട്ട് കെട്ടിച്ചമച്ച കേസാണിതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതോടൊപ്പം തന്നെ രണ്ട് നഴ്സുമാരുടെ സാന്നിധ്യത്തില്‍ അര്‍ദ്ധബോധാവസ്ഥയിലുള്ള ഒരു സ്ത്രീയെ ആരെങ്കിലും ആക്രമിക്കുമോ എന്ന സംശയവും മിക്ക ആളുകളും ഉന്നയിക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.