ഗംഗ കരകവിഞ്ഞൊഴുകി, ഊഴം കാത്ത് ബ്രഹ്മപുത്ര നദി; മരണഭീതിയില്‍ ബീഹാറിലെ ജനങ്ങള്‍
കരകവിഞ്ഞൊഴുകി ഗംഗ; ബീഹാറിലെ പ്രളയ ദുരന്തത്തില്‍ മരണം 253 ആയെന്ന് റിപ്പോര്‍ട്ട്
ഒരാഴ്ചയില്‍ ഏറെയായി ബീഹാറില്‍ തുടരുന്ന കാറ്റിലും മഴയിലും പെട്ട് 253 പേര്‍ മരിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ബീഹാറിലെ 18 ജില്ലകളിലുള്ള ഏകദേശം ഒന്നര കോടി ജനങ്ങളെ ദുരിതം ബാധിച്ചതായാണ് വിവരം. ഒരാഴ്ചയില്‍ ഏറെയായി പെയ്യുന്ന മഴയുടെ ശക്തി ഇപ്പോള്‍ കുറച്ചു കുറഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഗംഗ നദി കരകവിഞ്ഞൊഴുകിയതോടെയാണ് ബീഹാര്‍ പ്രളയത്തില്‍പ്പെട്ടത്. ഗംഗയുടെ സമീപപ്രദേശങ്ങള്‍ എല്ലാം വെള്ളപ്പൊക്കത്തിലാവുകയായിരുന്നു. കനത്ത മഴ തുടരുന്ന പ്രദേശങ്ങളില്‍ വാഹനങ്ങള്‍ കടത്തിവിടുന്നില്ല. ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പും അപകടനിലയിലാണെന്നും മുന്നറിയിപ്പുണ്ട്.
അരാരി, സീതാമാര്‍ഹി, പശ്ചിമ ചാംപാരണ്‍, കാട്ടിഹാര്‍ എന്നീ ജില്ലകളിലാണ് ദുരന്തം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെള്ളപ്പൊക്ക ബാധിച്ച പ്രദേശങ്ങളിലെ 4.92 ലക്ഷം പേര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ ദുരിത നിവാരണ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്.
അതേസമയം അടുത്ത 24 മണിക്കൂറില്‍ ബീഹാറില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.