ജയലളിതയുടെ കാര്യത്തില്‍ എനിക്ക് കഴിയാവുന്നതെല്ലാം ചെയ്തു, ഇതിനും മുകളില്‍ വേണമെങ്കില്‍ ലണ്ടനിലേക്ക് വരട്ടെ: ഡോ.റിച്ചാര്‍ഡ്
ജയലളിതയെ ലണ്ടനിലേക്ക് കൊണ്ടുവന്നാല്‍ കൂടുതല്‍ നല്ല ചികിത്സ നല്‍കാമെന്ന് ഡോ.റിച്ചാര്‍ഡ്
തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കഴിഞ്ഞ 47 ദിവസങ്ങളായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ചികിത്സയുടെ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ജയലളിത ഉടന്‍ ആശുപത്രി വിടുമെന്നാണ് സൂചന. എന്നത്തേക്ക് ആശുപത്രി വിടണമെന്ന കാര്യത്തില്‍ ജയലളിതയ്ക്ക് തന്നെ തീരുമാനമെടുക്കാമെന്നാണ് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ആശുപത്രി വിട്ടാലും ജയലളിതയ്ക്ക് കുറച്ചുകാലം കൂടി ചികിത്സ ആവശ്യമായി വരുമെന്നും പഴയ നിലയിലേക്ക് മടങ്ങിയെത്താന്‍ ഇനിയും സമയമെടുക്കുമെന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍. ജയലളിതയ്ക്ക് ലണ്ടനില്‍ നിന്നെത്തി വിദഗ്ധ ചികിത്സ നല്‍കിയ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബീലിനോട് കൂടുതല്‍ ചികിത്സ ആവശ്യമുണ്ടാകുമെന്ന കാര്യം ജയലളിതയോട് അടുപ്പമുള്ളവര്‍ സൂചിപ്പിച്ചെന്നാണ് വിവരം.
എന്നാല്‍ തനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു എന്നും ഇനിയും കൂടുതല്‍ മികച്ച ചികിത്സ ആവശ്യമുണ്ടെങ്കില്‍ ലണ്ടനിലെ ആശുപത്രിയിലേക്ക് ജയലളിതയെ കൊണ്ടുവരണമെന്നും ഡോ.റിച്ചാര്‍ഡ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.