'നിങ്ങള്‍ക്കിപ്പോള്‍ ഇത് എങ്ങനയെങ്കിലും പ്രദര്‍ശിപ്പിക്കണം, അതിന് വേണ്ടിയുള്ള പെടാപ്പാടല്ലേ' ; കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം ഷെയര്‍ ചെയ്ത താരത്തിന് നേരെ സൈബര്‍ സദാചാരവാദികള്‍
മുലയൂട്ടുന്ന ചിത്രം ഷെയര്‍ ചെയ്ത താരത്തിന് നേരെ സൈബര്‍ സദാചാരവാദികള്‍
ലോക മുലയൂട്ടല്‍ വാരത്തില്‍ സ്വന്തം കുഞ്ഞിനെ പാലൂട്ടുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ബോളിവുഡ് താരം ലിസ ഹെയ്ഡനെതിരെ സൈബര്‍ സദാചാരവാദികള്‍. മോഡലും ഫാഷന്‍ ഡിസൈനറുമായ ലിസ ഹെയ്ഡന്‍ തന്റെ മകന്‍ സാക്കിനെ മുലയൂട്ടുന്ന ചിത്രമായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
മുലയൂട്ടല്‍ എന്നത് എന്റ കുട്ടിയുടെ വളര്‍ച്ചയിലെ നിര്‍ണായകമായ ഒരു ഘടകമാണെന്നും കുട്ടികളുമായി ഒരു അടുപ്പമുണ്ടാക്കാനുള്ള ഏറ്റവും മനോഹരമായ ഒരു കാര്യമാണ് മുലയൂട്ടല്‍ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ലിസ ചിത്രം പങ്കുവെച്ചത്. എന്നാല്‍ ഇതിന് പിന്നാലെ ഇവരെ കടന്നാക്രമിച്ചുകൊണ്ട് ചിലര്‍ രംഗത്തെത്തുകയായിരുന്നു.
നിങ്ങള്‍ക്കിപ്പോള്‍ ഇത് എങ്ങനയെങ്കിലും പ്രദര്‍ശിപ്പിക്കണം അതിനു വേണ്ടിയുള്ള പെടാപ്പാടല്ലേ ഇത് എന്നായിരുന്നു ചില സദാചാരവാദികളുടെ ചോദ്യം. താങ്കള്‍ക്ക് ആ ഭാഗം ഒന്ന് മറച്ചൂടായിരുന്നോവെന്നും ചിലര്‍ ചോദിച്ചിരുന്നു. അതേസമയം താരത്തെ ശക്തമായി പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് വിമര്‍ശിക്കപ്പെടേണ്ടതല്ലെന്നും മറിച്ച് അഭിനന്ദിക്കപ്പെടേണ്ടതാണെന്നുമാണ് ഇവര്‍ പറഞ്ഞത്.