Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംഗീതപ്രതിഭ ബാലമുരളീകൃഷ്ണ അന്തരിച്ചു

ബാലമുരളീകൃഷ്ണ അന്തരിച്ചു

സംഗീതപ്രതിഭ ബാലമുരളീകൃഷ്ണ അന്തരിച്ചു
ചെന്നൈ , ചൊവ്വ, 22 നവം‌ബര്‍ 2016 (17:38 IST)
ഇന്ത്യന്‍ സംഗീതലോകത്തെ ഇതിഹാസം ഡോ. എം ബാലമുരളീകൃഷ്ണ അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയിലാണ് അന്ത്യം. കര്‍ണാടകസംഗീതത്തിന്‍റെ കുലപതിയായ ബാലമുരളീകൃഷ്ണ തന്‍റെ എണ്‍പത്തിയാറാം വയസിലാണ് ഈ ലോകം വിട്ടുപോകുന്നത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം ഏറെക്കാലമായി ചികിത്സയിലായിരുന്നു.
 
ബാലമുരളീകൃഷ്ണയുടെ ഭൌതികദേഹം ഇപ്പോള്‍ ചെന്നൈ അഡയാറിലെ വീട്ടിലാണുള്ളത്. പൊതുദര്‍ശനത്തിന് ശേഷം സംസ്കാരം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ബന്ധുക്കളും ശിഷ്യരുംഊള്‍പ്പടെയുള്ളവര്‍ തീരുമാനമെടുക്കും.
 
കര്‍ണാടക ശാസ്ത്രീയ സംഗീതത്തിനെപ്പറ്റി ജ്ഞാനമില്ലാത്തവരെ പോലും ഒരൊറ്റ കേള്‍‌വിയില്‍ ആരാധകരാക്കി മാറ്റുന്ന അനുപമമായ സംഗീതമായിരുന്നു ബാലമുരളീകൃഷ്ണയുടേത്. കര്‍ണാടക സംഗീതത്തെ ഔന്നത്യത്തിലെത്തിച്ച ഈ അസാധാരണ പ്രതിഭ 25ലേറെ രാഗങ്ങള്‍ സ്വന്തമായി കണ്ടെത്തി. സംഗീതത്തില്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്തുന്ന മഹാജ്ഞാനിയെയാണ് ബാലമുരളീകൃഷ്ണയുടെ വിയോഗത്തോടെ നഷ്ടമാകുന്നത്. 
 
ചെമ്പൈയ്ക്ക് ശേഷം സ്വതസിദ്ധമായ സംഗീതം കര്‍ണാടകസംഗീതത്തില്‍ ഉപയോഗിച്ച സംഗീതജ്ഞനായിരുന്നു ഡോ. ബാലമുരളീകൃഷ്ണ. സാമ്പ്രദായിക ശൈലിയില്‍ നിന്ന് എപ്പോഴും മാറിനടന്ന ബാലമുരളീകൃഷ്ണ ഹരിപ്രസാദ് ചൌരസ്യയുമായി പുല്ലാങ്കുഴലിലും സാക്കിര്‍ ഹുസൈനുമായി തബലയിലും നടത്തിയ ജുഗല്‍ബന്ദികള്‍ സംഗീതാസ്വാദകര്‍ക്ക് എന്നും പ്രിയപ്പെട്ടവയാണ്. അതുപോലെ ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ഭീം‌സെന്‍ ജോഷിയുമായി നടത്തിയ ജുഗല്‍ ബന്ദിയും ഏവരും ഓര്‍മ്മിക്കുന്നതാന്.  
 
ത്യാഗരാജസ്വാമികള്‍‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമശാസ്ത്രികള്‍ എന്നിവര്‍ക്ക് ശേഷം കര്‍ണാടക സംഗീതത്തിന്‍റെ എല്ലാ വഴികളിലൂടെയും സഞ്ചരിച്ച മഹാമനീഷിയായിരുന്നു ബാലമുരളീകൃഷ്ണ. അദ്ദേഹത്തിന് സംഗീതം ജീവിതസപര്യ തന്നെയായിരുന്നു. സംഗീതത്തില്‍ ചികിത്സ നടത്താമെന്നുപോലും അദ്ദേഹം കണ്ടുപിടിച്ചു. സംഗീതത്തിന്‍റെ അനന്തസാധ്യതകള്‍ ഉപയോഗിച്ചു. സാധകം കൊണ്ട് സ്ഫുടം ചെയ്ത ശാരീരവും ജ്ഞാനവുമായിരുന്നു ബാലമുരളീകൃഷ്ണയുടേത്.
 
1930 ജൂലൈ ആറിന് ആന്ധ്രയിലെ ശങ്കരഗുപ്തം ഗ്രാമത്തിലാണ് ബാലമുരളീകൃഷ്ണ ജനിച്ചത്. പത്മശ്രീ, പത്ഭവിഭൂഷന്‍, ഷെവലിയാര്‍, കാളിദാസ സമ്മാന്‍ തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആവര്‍ത്തിക്കുമോ ?; പാക് ആക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു - ഒരു മൃതദേഹം വികൃതമാക്കി