Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിന് പുറത്തുള്ള മലയാളികളെയും മാവേലി കാണുന്നുണ്ട് !

പ്രവാസി ഓണവും കെങ്കേമമാകും!

Onam News
, തിങ്കള്‍, 29 ഓഗസ്റ്റ് 2016 (21:54 IST)
മാവേലി മന്നനോടൊപ്പം ഓണം ആഘോഷമാക്കാനൊരുങ്ങുകയാണ് പ്രവാസി മലയാളികളും. ഫ്ലാറ്റുകളിലും, ഓഫീസുകളിലും ഓണക്കോടി ഉടുത്തെത്തുന്നവര്‍ പങ്കിടുന്നത് ഗൃഹാതുരത്വത്തിന്‍റെ പൊന്നോണ ഓര്‍മ്മകളും. നാട്ടിലുള്ളവരുടെ ഓണ വിശേഷങ്ങള്‍ ഇന്‍റര്‍നെറ്റിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും അറിയുന്ന ഇവര്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളാണ് ആഘോഷിക്കുന്നത്.
 
പൂവിളികളും പൂപ്പാട്ടുകളുമായി കേരളക്കരയില്‍ ഓണമെത്തുമ്പോള്‍ പ്രവാസികളുടെ ഫ്ലാറ്റുകളില്‍ ഓണമെത്തുന്നത് ടെലിവിഷന്‍ ചാനലുകളിലൂടെയായിരുന്നു. അത്തത്തിന് കളമിട്ട് തുടങ്ങിയതും, അത്തം പത്തിന് പൊന്നോണത്തില്‍ സദ്യവട്ടങ്ങളൊരുക്കി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ വാഴയിലയില്‍ ചോറും കറികളും നിരത്തിയതും ചാനലുകളുടെയും പോര്‍ട്ടലുകളുടെയും അകമ്പടിയോടെയായിരുന്നു.
 
ലോകത്തിന്‍റെ ഏതു കോണിലായാലും മലയാളികളെ മനസു കൊണ്ട് ഒന്നിപ്പിക്കുന്ന ആഘോഷമാണ് തിരുവോണം. അതാണ് ജന്മനാട്ടില്‍ നിന്ന് അകലെയാകുമ്പോഴും ഓണം ആഘോഷസമൃദ്ധമാക്കാന്‍ ശ്രദ്ധിക്കുന്നത്. മലയാളി സമാജങ്ങളും ക്ലബുകളും അസോസിയേഷനുകളും ഇതിന് ചുക്കാന്‍ പിടിക്കുമ്പോള്‍ പ്രവാസികളുടെ ആഘോഷങ്ങള്‍ക്ക് നാട്ടിലേതിനെക്കാള്‍ തിളക്കം കൂടുകയാണ്.
 
കുടുംബമായി താമസിക്കുന്നവര്‍ ഓണസദ്യ ഒരുക്കി കൂട്ടുകാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും വിളമ്പുന്ന സൌഹൃദക്കൂട്ടങ്ങളും ഇവിടെ സജീവം. വീട്ടില്‍ നിന്ന് മാറി ഒറ്റയ്ക്ക് കഴിയുന്നവര്‍ക്ക് തിരുവോണ നാളില്‍ ഉച്ചയ്ക്കൊരു പിടി ചോറൊരുക്കുന്നത് ഇത്തരം സൌഹൃദങ്ങളാണ്. ചോറും അവിയലും കിച്ചടിയുമൊക്കെ കൂട്ടി ഊണ് കഴിക്കുമ്പോള്‍ കണ്ണ് നിറയുന്ന മലയാളികള്‍ നല്ല നാടിന്‍റെ സ്മരണകള്‍ കൂടിയാണ് പങ്കിടുന്നത്.
 
മലയാളികള്‍ ജോലി ചെയ്യുന്ന ഓഫീസുകളിലും ഓണം വിപുലമായി ആഘോഷിക്കും. ഓണപ്പാട്ടുകളും പൂക്കളങ്ങളും പായസങ്ങളും അന്യദേശക്കാര്‍ക്ക് മുമ്പില്‍ വിളമ്പി മാതൃനാടിന്‍റെ മാറ്റ് ഉയര്‍ത്തുകയാണ് ഓരോ മലയാളിയും. ഹോസ്‌റ്റലുകളിലും ഫ്ലാറ്റുകളിലും ഒറ്റയ്ക്കു താമസിക്കുന്നവര്‍ക്കായി സദ്യയൊരുക്കി അന്യസംസ്ഥാനങ്ങളിലെ കേരള റസ്‌റ്ററന്‍റുകളും മെസ് ഹൌസുകളും സജീവമാകും. എന്നാല്‍, ജീവിതത്തിരക്കിനിടയില്‍ അന്യനാട്ടില്‍ ഓണം ഉണ്ണാന്‍ കഴിയാതെ പോകുന്ന വലിയൊരു സംഘം മലയാളികളുമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണത്തിന് പച്ചക്കറികള്‍ വാങ്ങുമ്പോള്‍ ‘വമ്പന്‍ ഓഫര്‍’