Select Your Language

ഓണവും വാമനജയന്തിയും തമ്മിലെന്ത് ബന്ധമെന്തെന്നറിയാമോ

webdunia

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 28 ഓഗസ്റ്റ് 2023 (15:12 IST)
ഓണവും വാമനനും തമ്മിലെന്ത് ബന്ധമെന്ത് ഒരു മലയാളിയും ചോദിക്കില്ല. എന്നാല്‍ ഈ അവതാരത്തെക്കുറിച്ചുള്ള ഐതിഹ്യം പൂര്‍ണമായി അറിയാവുന്ന എത്ര മലയാളികളുണ്ട്? ദശാവതാരങ്ങളില്‍ വിഷ്ണു സ്വീകരിച്ച ആദ്യത്തെ മനുഷ്യരൂപം വാമനന്റേതാണ്. പരിണാമ സിദ്ധാന്തമനുസരിച്ച് മനുഷ്യന്റെ ബോധതലം ഉരുത്തിരിയുന്ന പ്രാക്തനാവസ്ഥയെയാണ് വാമനന്‍ പ്രതിനിധീകരിക്കുന്നത്.
 
പുരാണങ്ങളില്‍ വാമനാവതാരത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. വാമനാവതാരം സംഭവിച്ചത് രണ്ടാം യുഗമായ ത്രേതായുഗത്തിലാണ്.
 
ഐതീഹ്യം
 
അസുരരാജാവായ മഹാബലി തന്റെ തപസ്സും ജ്ഞാനവും കൊണ്ട് ദേവന്‍മാരെപ്പോലും അതിശയിച്ചു. മഹാബലിയുടെ ഔന്നത്യത്തിന് മുന്നില്‍ സ്വര്‍ഗ്ഗലോകം പോലും തുറന്നുകൊടുക്കേണ്ടതായി വന്നു. ദൈത്യരാജാവിന്റെ മഹത്വം ദേവന്‍മാര്‍ നിരാശ നിറഞ്ഞ ഹൃദയത്തോടെ അംഗീകരിച്ചു.
 
തന്റെ പൂര്‍വികരായ അസുരരാജാക്കന്‍മാരില്‍ നിന്നും വ്യത്യസ്ഥനായിരുന്നു മഹാബലി. മഹാബലിയുടെ പൂര്‍വികരായ ക്രൂര അസുരരില്‍ നിന്നും മഹാവിഷ്ണു അതിന് മുന്‍പുള്ള രണ്ടവതാരങ്ങളില്‍ ഭൂമിയെയും മറ്റു ലോകങ്ങളെയും കാത്തു രക്ഷിച്ചിട്ടുണ്ട്.
 
ഹിരണ്യകശിപുവിനെ നേരിട്ട നരസിംഹാവതാരവും ഹിരണ്യാക്ഷനെ എതിര്‍ത്ത് തോല്‍പ്പിച്ച വരാഹവതാരവുമായിരുന്നു അവ. ഹിരണ്യകശിപുവിന്റെയും ഹിരണ്യാക്ഷന്റെയും പ്രഹ്‌ളാദന്റെയും പിന്‍തലമുറക്കാരായിരുന്നു മഹാബലി.
 
മഹാബലിയുടെ ഗുണബലം കണ്ട് ഭയന്ന ദേവന്മാര്‍ ദേവമാതാവായ അദിതിയോട് സങ്കടം ഉണര്‍ത്തിച്ചു. 'മഹാബലിയുടെ സദ്ഗുണങ്ങള്‍ കുറഞ്ഞ്, അഹങ്കാരം വര്‍ദ്ധിക്കുന്ന കാലമാകട്ടെ' എന്ന് തന്നോട് സഹായമഭ്യര്‍ത്ഥിച്ച അദിതിയോട് മഹാവിഷ്ണു അറിയിച്ചു.
 
അധികാരപ്രമത്തത മഹാബലിയുടെ പുണ്യത്തെ ക്ഷയിപ്പിച്ച് തുടങ്ങി. സൃഷ്ടാവിനെക്കാള്‍ ഉയര്‍ന്നവനാണ് താന്‍ എന്ന തോന്നല്‍ മഹാബലിയ്ക്കുണ്ടായി. ഈയവസരത്തില്‍, മഹാവിഷ്ണു അദിതിയുടെയും കശ്യപന്റെയും മകനായി ജനിച്ചു. മഹാബലി ഒരു വന്‍യാഗം നടത്താന്‍ തീരുമാനിച്ചു. അതിതേജസ്വിയായ ബ്രഹ്മചാരി രൂപത്തില്‍ വാമനന്‍ മഹാബലിയുടെ യാഗഭൂമിയില്‍ എത്തിച്ചേര്‍ന്നു. തന്റെ ജ്ഞാനവും സാന്നിദ്ധ്യവും കൊണ്ട് വാമനന്‍ മഹാബലിയുടെ ഹൃദയം കവര്‍ന്നു. തന്നോട് എന്ത് ഭിക്ഷ വേണമെങ്കിലും ആവശ്യപ്പെട്ടുകൊള്ളാന്‍ മഹാബലി ബാല ബ്രാഹ്മണനോട് പറഞ്ഞു.
 
സാധനയനുഷ്ഠിക്കുവാന്‍ മൂന്ന് ചുവട് സ്ഥലം തരികയെന്ന വാമനന്റെ ആവശ്യം കേട്ട് മഹാബലി അത്ഭുതം കൂറി. ഇത്ര ചെറിയ ആവശ്യമോ? കൂടുതല്‍ ഭൂമി, സമ്പത്ത്, ഗോക്കള്‍, രാജധാനി പോലും ചോദിക്കുവാന്‍ മഹാബലി ആവശ്യപ്പെട്ടു. 'മൂന്നടി മണ്ണ് മാത്രം തരിക' എന്ന വാമനന്റെ അപേക്ഷയ്ക്ക് മഹാബലി വഴിപ്പെട്ടു. തീര്‍ത്ഥം തളിച്ച് ദാനം ചെയ്യാന്‍ ഒരുങ്ങുന്ന മഹാബലിക്ക് മുന്നില്‍ ആകാശത്തോളം വാമനന്‍ വളര്‍ന്നു നിന്നു.
 
ഒരു ചുവട് കൊണ്ട് പാതാളവും രണ്ടാം ചുവട് കൊണ്ട് ഭൂമിയും അളന്നെടുത്ത് മൂന്നാം ചുവടിന് സ്ഥലം കാണാതെയുഴറിയ വാമനന് മുന്നില്‍ സത്യപ്രതിഷ്ഠനായ മഹാബലിയുടെ ശിരസ് താഴ്ന്നു.
 
ഒരു പാപവുമനുഷ്ഠിക്കാത്ത ഒരു വ്യക്തിക്ക് ഉണ്ടായ ഈ ദുരന്തത്തില്‍ വിഷ്ണുവിന് മനസ്താപമുണ്ടായി. തന്റെ കാല്‍ മഹാബലിയുടെ ശിരസ്സില്‍ പതിക്കുന്നതിന് മുന്‍പ് 'എന്ത് വരം വേണമെന്ന്' വാമനമൂര്‍ത്തി ചോദിച്ചു.
 
'നിരന്തരമായ വിഷ്ണുഭക്തി'യാണ് മഹാബലി ആവശ്യപ്പെട്ടത്. അതുകൊണ്ട് തൃപ്തി വരാത്ത മഹാവിഷ്ണു വീണ്ടുമൊരു വരം ചോദിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രിയ പ്രജകളെക്കാണാന്‍ വരാനുള്ള അനുവാദമാണ് മഹാബലി ആവശ്യപ്പെട്ടത്.
 
ലോകം കണ്ടതില്‍ വച്ച് ഏറ്റവും നീതിമാനും സത്യസന്ധനും ശ്രേഷ്ഠനുമായ രാജാവായിരുന്നു മഹാബലിയെന്ന് പുരാണങ്ങള്‍ പറയുന്നു. കേരളമായിരുന്നു മഹാബലിയുടെ പ്രധാന ഭരണകേന്ദ്രം. ഓണത്തിന് പ്രജകളെ കാണാന്‍ മഹാബലിയെത്തുമ്പോള്‍ മനോദുഃഖമുളവാക്കുന്നതൊന്നും അദ്ദേഹം ദര്‍ശിക്കരുതെന്ന് മലയാളികള്‍ ആഗ്രഹിക്കുന്നു. എല്ലാ ദുരിതങ്ങള്‍ക്കുമവധി കൊടുത്ത്, മലയാളികള്‍ ഓണമാഘോഷിക്കുന്നതിന് കാരണവും അതാണ്. കാണം വിറ്റും ഓണമുണ്ണണം എന്ന പ്രയോഗത്തിന്റെ അടിസ്ഥാന വികാരവുമിതാണ്.
 
ഈ യുഗത്തിലെ ഇന്ദ്രന്റെ സ്ഥാനം ഒഴിയുമ്പോള്‍ അടുത്ത ഇന്ദ്രനായി അവരോധിക്കപ്പെടാനുള്ള അനുഗ്രഹവും വിഷ്ണു മഹാബലിക്ക് നല്‍കിയിട്ടുണ്ട്. മൂന്നടികൊണ്ട് ലോകമളന്നതിനാല്‍ വാമനന്, ത്രിവിക്രമമൂര്‍ത്തിയെന്നും പേരുണ്ട്. കൃഷ്ണാവതാരത്തിന് മുന്‍പ് വാമനന്‍ മാത്രമാണ് 'വിശ്വരൂപം' കാണിച്ചിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്ര നട നാളെ തുറക്കും