Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാതാപിതാക്കളേ... ഇതൊന്ന് ശ്രദ്ധിക്കൂ; ‘അധികമായാല്‍ ടിവിയും വിഷം’ !

‘അധികമായാല്‍ ടിവിയും വിഷം’

മാതാപിതാക്കളേ... ഇതൊന്ന് ശ്രദ്ധിക്കൂ; ‘അധികമായാല്‍ ടിവിയും വിഷം’ !
, ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (14:39 IST)
ടെലിവിഷന്‍ കുട്ടികളുടെ മുഖ്യ വിനോദ ഉപാധിയാവണോ? വേണ്ട എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വെള്ളിത്തിരയിലെന്നപോലെ ചെറിയ സ്ക്രീനിലേക്കും കടന്നു കയറിയ അക്രമ രംഗങ്ങളാണ് ഇവിടെ വില്ലന്‍ വേഷം കെട്ടുന്നത്. കുട്ടികളെ ടെലിവിഷനില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ശരിക്കും ഒരു വെല്ലുവിളി തന്നെയാണ്. അടിച്ചേല്‍പ്പിക്കല്‍ മനോഭാവത്തിലൂടെയല്ലാതെ വേണം ഇതിനായി ശ്രമിക്കേണ്ടത്.
 
കുട്ടികള്‍ ടിവി കാണുന്നത് ഇത്രയും വലിയ പാതകമാണോ എന്ന് ചിന്തിക്കുന്ന രക്ഷകര്‍ത്താക്കളും ഉണ്ടാവാം. ടെലിവിഷന്‍ സ്ഥിരമായി കാണുന്ന ഒരു കുട്ടി പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടം കഴിയുമ്പോഴേക്ക് കൊലപാതകം ഉള്‍പ്പെടെയുള്ള ഒരു ലക്ഷത്തോളം അക്രമ രംഗങ്ങള്‍ക്ക് സാക്‍ഷ്യം വഹിക്കുമെന്നാണ് പൊതുവായ കണക്കുകള്‍ പറയുന്നത്. ടെലിവിഷന്‍ പരിപാടികള്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണ പ്രവണത വര്‍ദ്ധിക്കാന്‍ കാരണമാവുന്നു എന്നും വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു.
 
കുട്ടികള്‍ക്ക് ടെലിവിഷനുമായി സല്ലപിക്കാന്‍ ഒരു ടൈംടേബിള്‍ നിശ്ചയിക്കുകയാണ് ഉത്തമം. ഇതിനായി നയപരമായി കുട്ടികളുടെ സമ്മതവും നേടേണ്ടതുണ്ട്. സ്കൂള്‍ സമയത്തിനു മുമ്പ് ടിവി കാണില്ല, ഭക്ഷണത്തിനു ശേഷം മാത്രം ടെലിവിഷന്‍, എന്നിങ്ങനെ ചിട്ടപ്പെടുത്തി ടിവി കാണുന്ന സമയം കുറയ്ക്കാ‍വുന്നതാണ്. അത്യധികം അക്രമവാസന പ്രസരിപ്പിക്കുന്ന പരിപാടികള്‍ കാണുന്നതില്‍ നിന്ന് കുട്ടികളെ ഒഴിവാക്കിയേ മതിയാവൂ.
 
കുട്ടികളുടെ മുറിയില്‍ ടെലിവിഷന്‍ വയ്ക്കരുത്. പൊതുവായ മുറികളില്‍ ടെലിവിഷന്‍ വയ്ക്കുക. കഴിവതും കുട്ടികള്‍ക്കൊപ്പം തന്നെ പരിപാടികള്‍ കാണാന്‍ ശ്രമിക്കുകയും വേണം. കുട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷം രക്ഷകര്‍ത്താക്കള്‍ കൂടുതല്‍ സമയം ടിവിയുടെ മുന്നില്‍ ചെലവഴിക്കുന്നത് ശരിയായ പ്രവണതയുമല്ല.
 
കുട്ടികളില്‍ ടെലിവിഷന്‍ ഹരം കുറയ്ക്കാന്‍ മറ്റു വിനോദോപാധികള്‍ തേടുകയാണ് നല്ലത്. ഒരു ഔട്ടിംഗ് അല്ലെങ്കില്‍ ബന്ധു വീട് സന്ദര്‍ശനം അങ്ങനെ ഓരോ ആഴ്ചയും ഓരോ പരിപാടികളുമായി മുന്നേറാം. ഒഴിവു സമയം കുട്ടികള്‍ക്കൊപ്പം കളിച്ചും തീര്‍ക്കാം. കുട്ടികളുടെ പ്രത്യേക അഭിരുചികള്‍ക്ക് പിന്തുണ നല്‍കി അതിലേക്ക് ശ്രദ്ധ തിരിച്ചുവിടുന്നതും ടിവിയുടെ പിടിയില്‍ നിന്നുള്ള മോചനത്തിന് വഴിയൊരുക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യരാത്രിയില്‍ പാല്‍ കുടിക്കുന്നതിനു പിന്നിലെ രഹസ്യമെന്ത് ? പാലിന് പകരം ബിയര്‍ കുടിച്ചാലോ ?