Publish Date: Mon, 27 Dec 2021 (15:34 IST)
Updated Date: Mon, 27 Dec 2021 (15:49 IST)
ബോക്‌സിങ് ഡേ ടെസ്റ്റില്‍ തന്റെ വിക്കറ്റ് നഷ്ടമായതിനെ കുറിച്ച് പ്രതികരിക്കാതെ ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍. 123 പന്തില്‍ 60 റണ്‍സ് നേടിയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ മായങ്ക് പുറത്തായത്. ലുങ്കി എങ്കിടിയുടെ പന്തില്‍ എല്‍ബിഡബ്‌ള്യുവിന് മുന്നില്‍ കുരുങ്ങുകയായിരുന്നു മായങ്ക്.
മായങ്ക് അഗര്‍വാളിന്റേത് എല്‍ബിഡബ്‌ള്യു തന്നെയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പന്ത് ലെഗ് സ്റ്റംപിന് മുകളിലൂടെ പോകുന്നതായാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അത് ഔട്ടല്ലെന്ന് ക്രിക്കറ്റ് നിരീക്ഷകരും പറയുന്നു. ഇതേ കുറിച്ച് പ്രസ് കോണ്‍ഫറന്‍സില്‍ മായങ്ക് പ്രതികരിച്ച രീതി രസകരമായിരുന്നു.
നിങ്ങള്‍ പുറത്തായ രീതിയെ കുറിച്ച് എന്താണ് തോന്നുന്നത്? എന്നായിരുന്നു മായങ്കിനോടുള്ള ചോദ്യം. ' എന്റെ അഭിപ്രായം പറയാന്‍ എനിക്ക് അനുവാദമില്ല. അതുകൊണ്ട് ആ ചോദ്യം ഞാന്‍ ഉപേക്ഷിക്കുന്നു. അല്ലെങ്കില്‍ ഞാന്‍ ബാഡ് ബുക്കില്‍ ഇടംപിടിക്കും. എന്റെ പണം നഷ്ടമാകുകയും ചെയ്യും,' മായങ്ക് അഗര്‍വാള്‍ പറഞ്ഞു. അംപയറിങ്ങിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ മാച്ച് ഫീ അടയ്‌ക്കേണ്ടി വന്നാലോ എന്നാണ് മായങ്ക് ഈ മറുപടി കൊണ്ട് ഉദ്ദേശിച്ചത്.