ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീം ഉപനായകന്‍ കെ.എല്‍.രാഹുല്‍ ആണ്. വിരാട് കോലി ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞ് രോഹിത് ശര്‍മ നായകസ്ഥാനം ഏറ്റെടുത്താല്‍ രാഹുല്‍ സ്ഥിരം ഉപനായകനാകും. എന്നാല്‍, താന്‍ വീണ്ടും ടെസ്റ്റ് കളിക്കുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ലെന്ന് രാഹുല്‍ പറയുന്നു.
മോശം ഫോമിനെ തുടര്‍ന്ന് 2019 ലാണ് രാഹുല്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായത്. പിന്നീട് ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് രാഹുല്‍ വീണ്ടും ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മികച്ച പ്രകടനം നടത്തി രാഹുല്‍ ടെസ്റ്റ് സ്‌ക്വാഡില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ഉപനായകസ്ഥാനം ലഭിച്ചതില്‍ വലിയ സന്തോഷവും അഭിമാനവും ഉണ്ടെന്ന് രാഹുല്‍ പറയുന്നു. 'ഭാരിച്ച ഉത്തരവാദിത്തം എനിക്ക് നല്‍കിയതില്‍ വലിയ സന്തോഷവും കടപ്പാടുമുണ്ട്. എല്ലാ സമയത്തേയും പോലെ എന്റെ ഏറ്റവും മികച്ചത് ടീമിനായി നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കൂടുതല്‍ വിജയം ടീമിന് നേടികൊടുക്കാന്‍ ഞാന്‍ പരിശ്രമിക്കും. ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിനെ കുറിച്ചുള്ള എന്റെ ഓര്‍മകള്‍ കയ്‌പ്പേറിയതാണ്. ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിലാണ് ഞാന്‍ അരങ്ങേറിയത്. ടെസ്റ്റിലെ മോശം പ്രകടനത്തോടെ ഞാന്‍ എക്കാലത്തേക്കുമായി ടെസ്റ്റില്‍ നിന്ന് പുറത്താകുമെന്ന് തോന്നിയ സമയമുണ്ട്. ഇങ്ങനെയൊരു തിരിച്ചുവരവ് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല,' രാഹുല്‍ പറഞ്ഞു.