ഓരോ കാലഘട്ടത്തിലേയും സൗന്ദര്യസങ്കല്‌പങ്ങള്‍ വ്യത്യസ്തമായിരുന്നു. നീട്ടുമെലിഞ്ഞ സുന്ദരികളാണ് ആധുനിക കാലത്തെ വശ്യതയെങ്കില്‍ പുരാതന ഭാരതത്തില്‍ അങ്ങനെയല്ലായിരുന്നു.
ഭാരതീയമായ പ്രാചീന രചനകളിലെല്ലാം തന്നെ സ്‌ത്രീയുടെ സൗന്ദര്യം എങ്ങനെ വേണമെന്ന കാര്യത്തില്‍ വിവക്ഷയുണ്ടായിരുന്നു. ദേവഗുരുവായ ബൃഹസ്‌പതി കുലസ്‌ത്രീകള്‍ക്ക് ലക്ഷണങ്ങള്‍ ചമച്ചിട്ടുണ്ട്. ശരീരത്തിലെ ഓരോ അംഗവും എങ്ങനെ വേണമെന്ന് കൃത്യമായി ബൃഹസ്‌പതി നിര്‍ണയിച്ചിട്ടുണ്ട്.
ആനയുടെ മസ്തകം പോലെ ഉന്നതവും വൃത്താകൃതിയിലുളളതുമായ ശിരസുള്ളവള്‍ ഭര്‍ത്താവിന് ദീര്‍ഘായുസ് നല്‍കുമെന്നാണ് കരുതുന്നത്. കണ്ണുകള്‍ക്ക് പാല്‍ നിറവും ചെവികള്‍ക്ക് വര്‍ത്തുളാകൃതിയും ഉണ്ടാകണം. പുരികങ്ങള്‍ കറുത്ത രോമത്തോടെ വേണം.
കാര്‍മേഘത്തിനും കാര്‍വണ്ടിനും സമാനമായ ചുരുണ്ട കേശഭാരം വേണം. കൃഷ്ണമണി നീലനിറത്തിലുള്ളതും കടക്കണ്ണ് രക്തവര്‍ണ്ണത്തിലുള്ളതും ആയിരിക്കണം.
എള്ളിന്‍പൂവിന് തുല്യമായിരിക്കണം നാസിക, വൃത്താകൃതിയിലുള്ളതും മാംസളവുമായ മുഖം നാരിമാര്‍ക്ക് ശ്രേഷ്ഠത നല്‍കുന്നു. ദന്തനിരകളാകട്ടെ പാലുപോലെ വെളുത്തതും നിരയൊത്തതുമാകണം. കീഴ്ത്താടി രണ്ട് വിരല്‍ വട്ടത്തിലുള്ളതും മാംസളവുമാകണം.
ഗ്രന്ഥിയും അസ്ഥിയും മാംസം കൊണ്ട് മൂടിയതും രോമമില്ലാത്തതും ആവണം. താമ്രവര്‍ണത്തിലുള്ളതായിരിക്കണം നഖങ്ങള്‍. പതിനെട്ട് വിരല്‍വീതിയോട് കൂടിയ രോമരഹിതമായ മാറിടം വേണം. തടിച്ചുരുണ്ട് ഉന്നതവും ദൃഢവും താമരമൊട്ടിന്‍റെ മനോഹാരിതയുമുള്ള സ്തനമുള്ളവള്‍ സര്‍വ്വസൗഭാഗ്യവതിയായിരിക്കും.
ആനയുടെ തുമ്പിക്കൈ പോലുള്ളതും രോമമില്ലാത്തതുമാകണം തുടകള്‍. സ്നിഗ്ധവും കോമളവുമായിരിക്കണം പാദങ്ങള്‍ എന്നാണ് വിവക്ഷ.