കറുത്തവാവിലും ചന്ദ്ര ഗ്രഹണകാലത്തും തുളസിയില നുള്ളാമോ ?

വ്യാഴം, 25 ഏപ്രില്‍ 2019 (20:08 IST)
ഭാരതീയരുടെ വിശ്വാസങ്ങളുമായി കെട്ടു പിണഞ്ഞു കിടക്കുന്ന ഒന്നാണ് തുളസി. ഹൈന്ദവ വിഭാഗത്തിലെ ആചരങ്ങളുമായും പ്രാര്‍ഥനകളുമായും ചേര്‍ന്നു നില്‍ക്കുന്നതാണ് തുളസിച്ചെടിയും ഇലയും. പുരാണ കാലങ്ങള്‍ മുതല്‍  തുളസിയുമായി ബന്ധപ്പെട്ട ഒട്ടനവധി വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

തുളസിയില പറിക്കുന്നതിലും ഉപയോഗിക്കുന്നതിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പൂര്‍വ്വികന്മാര്‍ കൈമാറി വന്ന വിശ്വാസത്തിന്റെ ഭാഗമാണിത്.

പൂജയ്ക്കായോ ഔഷധത്തിനായോ മാത്രമേ തുളസി നുള്ളാൻ പാടുള്ളു എന്നതാണ് പ്രധാനം. തുളസി നുള്ളുന്നത് പകല്‍ സമയത്ത് കിഴക്കോട്ട് തിരിഞ്ഞുവേണം. കറുത്തവാവ്‌, ദ്വാദശി എന്നീ തിഥികളിലും സൂര്യ - ചന്ദ്ര ഗ്രഹണകാലത്തും സന്ധ്യയ്ക്കും ഏകാദശിക്കും ചൊവ്വ, വെള്ളി ദിവസങ്ങളിലും സംക്രാന്തിയിലും തുളസി നുള്ളരുത്.

വ്യാഴം, ബുധന്‍, ശുക്രന്‍ എന്നീ  ദശാകാലങ്ങളുള്ളവര്‍  തുളസിയെ പ്രദക്ഷിണം വയ്ക്കുന്നത്‌ ദോഷശാന്തിക്ക് ഉത്തമമാണ്. സന്ധ്യസമയത്തും രാത്രികാലങ്ങളിലും തുളസി പറിക്കരുത് എന്നതാണ് പ്രധാന വിശ്വാസം. സന്ധ്യസമയത്ത് വിളക്ക് കത്തിക്കുമ്പോള്‍ തുളസിയില വിളക്കില്‍ വെക്കാന്‍ പറിക്കുന്നത് പതിവാണ്. ഈ പ്രവര്‍ത്തി കുടുംബത്തില്‍ ദോഷങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്.

അതേസമയം, ഏതൊരു കാര്യത്തിനു ഇറങ്ങുന്നതിനു മുമ്പും ഈശ്വരാധീനം വര്‍ദ്ധിപ്പിക്കാന്‍ തുളസിയില കൈവശം സൂക്ഷിക്കുന്നത് നല്ലതാണെന്നും പൂര്‍വ്വികര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മനസ് ശാന്തമാക്കാൻ ഏറ്റവും നല്ല വഴി ഇതാണ് !