മഞ്ഞ ചരടിൽ പൂജിച്ചെടുത്ത താലിയ്‌ക്ക് പിന്നിലും രഹസ്യമുണ്ട്!
മഞ്ഞ ചരടിൽ പൂജിച്ചെടുത്ത താലിയ്‌ക്ക് പിന്നിലും രഹസ്യമുണ്ട്!
ചരട് കെട്ടുന്നത് ഇന്നും ഇന്നലെയും തുടങ്ങിയ ശീലമല്ല. ചരട് കെട്ടുന്നതിന് ജാതിയോ മതമോ ദേശമോ ഒന്നും പ്രശ്‌നവുമല്ല. ഫാഷന്റെ പേരിൽ ചരട് കെട്ടുന്നവരുണ്ട് മന്ത്രിച്ച് കെട്ടുന്നവരും ഉണ്ട്. മന്ത്രിച്ച് ചരട് കെട്ടിയാൽ ദൃഷ്‌ടിദോഷം ശത്രുദോഷം തുടങ്ങിയ ദോഷങ്ങൾ മാറുമെന്നാണ് വിശ്വാസം. പലരും ഇത് അറിയാതെ തന്നെയാണ് ചരടുകൾ കെട്ടുന്നത്.
കൈകളിലും കാലുകളിലും അരകളിലും വരെ ചരടുകൾക്ക് സ്ഥാനമുണ്ട്. പല നിറത്തിലുള്ള ചരടുകളും കെട്ടാറുമുണ്ട്. കറുപ്പ്, ചുവപ്പ്, മഞ്ഞ എന്നിങ്ങനെ നീളുന്നു നിറങ്ങൾ. ചരടുകൾ ജപിച്ച് കെട്ടിയാൽ കെട്ടുന്നവർക്ക് ആത്‌മവിശ്വാസം കൈവരുമെന്നും പറയപ്പെടുന്നു. ഒറ്റക്കാലിൽ കറുത്ത ചരട് ഇടുന്നത് ട്രെന്റാണ്.
കറുത്ത ചരടിനോടാണ് എല്ലാവർക്കും പ്രിയം കൂടുതൽ. കറുപ്പ് നിറം നവഗ്രഹങ്ങളിലെ ശനി ,രാഹു പ്രീതികരമാണ്. ഇത് കെട്ടുന്നതിലൂടെ ശനി, രാഹു ദോഷം തുടങ്ങിയ ദോഷങ്ങൾ മാറും. ദൃഷ്‌ടിദോഷം മാറാനും കറുത്ത ചരട് ഉത്തമമാണ്. നവഗ്രഹങ്ങളിലൊന്നായ ചൊവ്വയ്ക്ക് പ്രീതികരമായ നിറമാണ് ചുവപ്പ്. ദേവീ ക്ഷേത്രങ്ങളിൽ നിന്ന് ചുവന്ന ചരട് ജപിച്ച് കെട്ടുന്നത് ശത്രുദോഷം നീങ്ങാൻ ഉത്തമമാണ്.
വിവാഹവേളയിൽ വരൻ വധുവിന് കെട്ടിക്കൊടുക്കുന്നത് മഞ്ഞച്ചരടാണ്. ദമ്പതികൾ തമ്മിലുള്ള ഐക്യവർധനവിനാണ് മഞ്ഞച്ചരടിൽ കോർത്ത് താലി ചാർത്തുന്നത്. ചിലയിടങ്ങളിൽ താലി മഞ്ഞച്ചരടിൽ കെട്ടിക്കൊടുക്കുകയും ശേഷം അത് സ്വർണ്ണത്തിന്റെ മാലയിലേക്ക് മാറ്റുകയും ചെയ്യുന്നു.