കോര്‍ട്ടില്‍ തീ പാറും; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നഡാല്‍- ഫെഡറര്‍ ക്ലാസിക് പോരാട്ടം - ആരധകര്‍ ആവേശത്തില്‍
ഓസ്ട്രേലിയൻ ഓപ്പണിൽ ഫെഡറർ- നഡാൽ കലാശപ്പോര്
ആരാധകര്‍ കാത്തിരുന്ന സ്വപ്‌ന ഫൈനലില്‍ വീണ്ടും. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ സ്വിസ് ഇതിഹാസം റോജർ ഫെഡററും സ്‌പാനിഷ് വമ്പൻ റാഫേൽ നഡാലും ഏറ്റുമുട്ടും. സെമിയില്‍ ബള്‍ഗേറിയയുടെ ദിമിത്രോവിനെ തോല്‍പ്പിച്ച് നഡാല്‍ ഫൈനലില്‍ കടന്നതോടെയാണ് ക്ലാസിക്കല്‍ ഫൈനലിന് കളമൊരുങ്ങിയത്. ഇരുവരും നേർക്കുനേർ വരുന്ന ഒൻപതാം ഗ്രാൻസ്‌ലാം ഫൈനലുമാണിത്.
കടുത്ത പോരാട്ടത്തിനൊടുവിൽ സ്വന്തം നാട്ടുകാരനും മുൻ ചാമ്പ്യനുമായ സ്റ്റാൻ വാവ്റിങ്കയെ വീഴ്ത്തിയാണ് റോജർ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ. കരിയറിലെ 15-മത് ഗ്രാൻസ്‍ലാം ലക്ഷ്യമിടുന്ന നഡാൽ, 18-മത് ഗ്രാൻസ്‍ലാം നേടാനുറച്ചെത്തുന്ന സ്വിസ് താരത്തെ നേരിടുമ്പോള്‍ പോരാട്ടം കടുകട്ടിയാകും. ആറ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇരുവരും ഏറ്റുമുട്ടുന്നത്. 2011ലായിരുന്നു ഇരുവരുടേയും ഇതിനുമുമ്പുള്ള ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ പോരാട്ടം.
അതേസമയം, സാനിയ മിര്‍സ- ഇവാന്‍ ഡോഡിഗ് സഖ്യം മിക്സഡ് ഡബിള്‍സിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഓസ്ട്രേലിയയുടെ സമാന്താ സ്റ്റോസര്‍- സാം ഗ്രോത്ത് സഖ്യത്തെയാണ് സെമിയില്‍ ഇന്തോ- ക്രൊയേഷ്യന്‍ സഖ്യം തകര്‍ത്തത്. സ്‌കോര്‍ 6-4, 2-6, 10-5. ഫൈനലില്‍ കൊളംബിയ-അമേരിക്കന്‍ ജോഡികളായ കാബല്‍ ജുവാന്‍- സ്പിയേഴ്സ് ആബിഗേല്‍ ആണ് എതിരാളികള്‍.