Indian Hockey,Paris Olympics
ഒളിമ്പിക്സ് ഹോക്കി സെമിഫൈനലില്‍ ഇന്ത്യ ഇന്ന് ജര്‍മനിയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 10:30നാണ് പോരാട്ടം. ടെലിവിഷനില്‍ സ്‌പോര്‍ട്‌സ് 18 നെറ്റ്വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാകും. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സില്‍ ജര്‍മനിയെ പരാജയപ്പെടുത്തിയായിരുന്നു 41 വര്‍ഷത്തിന് ശേഷം ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കിയില്‍ മെഡല്‍ നേടിയത്. അന്ന് നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. മലയാളി താരമായ ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷായിരുന്നു മത്സരത്തില്‍ ഇന്ത്യയുടെ വിജയശില്പി.
പാരീസ് ഒളിമ്പിക്‌സ് സെമിഫൈനലില്‍ ഇന്ത്യയെ നേരിടാനൊരുങ്ങുമ്പോഴും ജര്‍മനിക്ക് വെല്ലുവിളിയാവുക പി ആര്‍ ശ്രീജേഷിന്റെ സാന്നിധ്യമാകും. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടനെതിരെ ഇന്ത്യയുടെ മെഡല്‍ നേട്ടത്തില്‍ വലിയ പങ്കുവഹിച്ചത് പി ആര്‍ ശ്രീജേഷിന്റെ സേവുകളായിരുന്നു. നേര്‍ക്കുനേര്‍ അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും ജര്‍മനിക്കെതിരെ വിജയിക്കാന്‍ ഇന്ത്യയ്ക്കായിരുന്നു. അതിനാല്‍ തന്നെ ഫൈനല്‍ പ്രവേശനം ഉറപ്പിച്ച് മെഡല്‍ ഉറപ്പിക്കാനാകും ഇന്ന് ഇന്ത്യന്‍ ശ്രമം. സെമിയില്‍ ചുവപ്പുകാര്‍ഡ് കണ്ട ഡിഫന്‍ഡര്‍ അമിത് രോഹിദാസിന് ഇന്ന് ഇന്ത്യക്കായി കളിക്കാനാവില്ല.