ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ താരങ്ങളെ അനുമോദിച്ച് തമിഴ് നാട് സര്‍ക്കാര്‍. തമിഴ്നാട് സര്‍ക്കാര്‍ ചെസ് ഒളിമ്പ്യാഡില്‍ സ്വര്‍ണമെഡല്‍ നേടിയ താരങ്ങള്‍ നാട്ടിലെത്തുമ്പോള്‍ തന്നെ സ്വീകരണം ഒരുക്കുമ്പോള്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഹോക്കി താരം പി ആര്‍ ശ്രീജേഷിനോടുള്ള അവഗണന സംസ്ഥാന സര്‍ക്കാര്‍ തുടരുകയാണ്. മാറ്റിവെച്ച അനുമോദന ചടങ്ങ് ഇതുവരെ നടത്തിയില്ലെന്ന് മാത്രമല്ല സമ്മാനത്തുകയായി പ്രഖ്യാപിച്ച 2 കോടി രൂപയും ഇതുവരെ ശ്രീജേഷിന് നല്‍കിയിട്ടില്ല.
കായികതാരങ്ങളോടുള്ള കരുതലും പ്രോത്സാഹനവും ഇങ്ങനെയാണോ സര്‍ക്കാര്‍ പ്രകടിപ്പിക്കേണ്ടത് എന്ന കാര്യം ഇതോടെ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ലോക ചെസ് ഒളിമ്പ്യാഡ് ജേതാക്കളായി നാട്ടില്‍ തിരിച്ചെത്തിയ ദിവസം തന്നെയാണ് ആര്‍ പ്രഗ്‌നാനന്ദ,ഡി ഗുകേഷ്,വൈശാലി എന്നിവര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ അനുമോദനം നല്‍കിയത്. 3 താരങ്ങള്‍ക്കും 25 ലക്ഷം രൂപ വീതം തമിഴ്നാട് സര്‍ക്കാര്‍ കൈമാറുകയും ചെയ്തു. ടീം ക്യാപ്റ്റന്‍ ശ്രീനാഥ് നാരായണന് 15 ലക്ഷം രൂപയും കൈമാറി.
അതേസമയം ഇന്ത്യന്‍ ഹോക്കിയുടെ ഇതിഹാസതാരമായിരുന്നിട്ടും ശ്രീജേഷിനോടുള്ള അവഗണന സംസ്ഥാന സര്‍ക്കാര്‍ തുടരുകയാണ്. ടോക്കിയോ ഒളിമ്പിക്‌സിന് പിന്നാലെ പാരീസ് ഒളിമ്പിക്‌സിലും വെങ്കല മെഡല്‍ നേടിയ പി ആര്‍ ശ്രീജേഷിന് 2 കോടി രൂപയാണ് കേരളം പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 26ന് അനുമോദന ചടങ്ങ് നിശ്ചയിച്ചെങ്കിലും വിദ്യഭ്യാസ വകുപ്പാണോ കായിക വകുപ്പാണോ സ്വീകരണം നല്‍കേണ്ടത് എന്ന വിഷയത്തില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടിയും വി അബ്ദുറഹിമാനും തര്‍ക്കിച്ചതോടെ മുഖ്യമന്ത്രി ഇടപ്പെട്ട് അനുമോദനചടങ്ങ് മാറ്റിവെയ്ക്കുകയായിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനായി കുടുംബസമേതം തിരുവനന്തപുരത്തെത്തിയ പി ആര്‍ ശ്രീജേഷ് അപമാനിതനായാണ് മടങ്ങിയത്. സാങ്കേതിക തടസം കാരണം അനുമോദന ചടങ്ങ് മാറ്റിവെച്ച സര്‍ക്കാര്‍ ഇതുവരെയും മറ്റൊരു തിയതി പ്രഖ്യാപിക്കുകയോ സമ്മാനതുക കൈമാറുകയോ ചെയ്തിട്ടില്ല.